ഇറാൻ യുദ്ധത്തിലെ വിജയത്തെക്കുറിച്ചുള്ള പെന്റഗൺ അവകാശവാദങ്ങളെ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ചോദ്യം ചെയ്യുന്നു. അമേരിക്കയുടെ മിസൈൽ ശേഖരം കുറയുന്നതിലും, ഇറാൻ്റെ സൈനിക ശേഷി പൂർണ്ണമായി തകർന്നിട്ടില്ലെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളിലും അദ്ദേഹം ആശങ്കാകുലനാണ്.
വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തെക്കുറിച്ച് പ്രതിരോധ മന്ത്രാലയം നൽകുന്ന കണക്കുകൾ എത്രത്തോളം കൃത്യമാണെന്ന കാര്യത്തിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് കടുത്ത സംശയം പ്രകടിപ്പിച്ചതായി പുതിയ റിപ്പോർട്ടുകൾ. യുദ്ധരംഗത്ത് അമേരിക്കൻ സൈന്യം വൻ വിജയങ്ങൾ നേടുന്നുവെന്നും ഇറാന്‍റെ നാവിക-വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെന്നുമാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ജനറൽ ഡാൻ കെയ്‌നും അവകാശപ്പെടുന്നത്. എന്നാൽ ഈ അവകാശവാദത്തിന് പിന്നിലെ യാഥാർത്ഥ്യം മറ്റൊന്നാണോ എന്നാണ് വാൻസിന്‍റെ ചോദ്യം. ദി അറ്റ്ലാന്‍റിക് ആണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പെന്‍റഗൺ തെറ്റിദ്ധരിപ്പിക്കുകയാണോ എന്ന ആശങ്ക വാൻസിനുണ്ട്. യുദ്ധം എട്ട് ആഴ്ച പിന്നിടുമ്പോൾ അമേരിക്കയുടെ മിസൈൽ ശേഖരത്തിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്നും, ഇത് ഭാവിയിൽ ചൈനയോ റഷ്യയോ ഉയർത്തുന്ന വെല്ലുവിളികൾ നേരിടുന്നതിന് തടസമാകുമെന്നും അദ്ദേഹം രഹസ്യ യോഗങ്ങളിൽ ചൂണ്ടിക്കാട്ടി. പരസ്യമായി പ്രതിരോധ സെക്രട്ടറിയെ പ്രശംസിക്കുമ്പോഴും, അടച്ചിട്ട മുറികൾക്കുള്ളിൽ വാൻസ് ഉന്നയിക്കുന്ന ചോദ്യങ്ങൾ ട്രംപ് ഭരണകൂടത്തിനുള്ളിലെ ഭിന്നതയുടെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
പെന്‍റഗണിനെ വെട്ടിലാക്കി വാൻസ്
ഇറാന്‍റെ സൈനിക ശേഷി പൂർണ്ണമായും തകർക്കപ്പെട്ടുവെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്‍റെ വാദമെങ്കിലും, രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പറയുന്നത് മറിച്ചാണ്. ഇറാന്‍റെ വ്യോമസേനയുടെ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോഴും സുരക്ഷിതമാണെന്നും ഹോർമുസ് കടലിടുക്കിൽ ഭീഷണി ഉയർത്താൻ ശേഷിയുള്ള മിസൈലുകളും ബോട്ടുകളും അവരുടെ പക്കലുണ്ടെന്നുമാണ് കണ്ടെത്തൽ. ഇതിനിടെ, അമേരിക്കയുടെ പക്കലുള്ള പ്രധാന വെടിക്കോപ്പുകളുടെ പകുതിയിലധികം ഇതിനോടകം തന്നെ തീർന്നുപോയതായി പ്രമുഖ തിങ്ക് ടാങ്കായ സിഎസ്ഐഎസ് (CSIS) വെളിപ്പെടുത്തിയിട്ടുണ്ട്.
യുദ്ധം തുടങ്ങുന്നതിന് മുൻപ് തന്നെ അതിനെ എതിർത്തിരുന്ന ചുരുക്കം ചിലരിൽ ഒരാളാണ് വാൻസ്. ഈ യുദ്ധം വലിയ ആൾനാശത്തിനും പ്രാദേശിക അസ്ഥിരതയ്ക്കും കാരണമാകുമെന്ന് അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വരാനിരിക്കുന്ന 2028ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന വാൻസിനെ സംബന്ധിച്ചിടത്തോളം ഈ യുദ്ധത്തിന്‍റെ പരിസമാപ്തി അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണ്ണായകമായിരിക്കും. പാകിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകിയതും വാൻസായിരുന്നു.


