അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ പാകിസ്ഥാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്കേറ്റു. പാക് താലിബാൻ ശക്തികേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. ഈ ആക്രമണം ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ ദുർബലപ്പെടുത്തുകയും മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
ഇറാനെതിയുള്ള ഇസ്രയേൽ - യൂഎസ് യുദ്ധത്തിന് സമാധാന ദൂതുമായി എത്തിയത് പാകിസ്ഥാനാണ്. പാക് മദ്ധ്യസ്ഥതയിൽ നടത്തിയ സമാധാന ചർച്ചകൾ എവിടെയുമെത്തിയില്ലെങ്കിലും പശ്ചിമേഷ്യയിൽ താത്കാലികമായി യുദ്ധം നിർത്തിവച്ചിരിക്കുന്നു. അതേസമയം യുദ്ധ ഭീതി നിലനിൽക്കുകയും ചെയ്യുന്നു. ഇതിനിടെയിലും പാകിസ്ഥാൻ അഫ്ഗാൻ അതിർത്തികടന്നുള്ള ആക്രമണങ്ങൾ നടത്തുകയാണെന്ന് താലിബാൻ ആരോപിക്കുന്നു. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം തടത്തിയ അക്രമണത്തിൽ 7 പേർ കൊല്ലപ്പെടുകയും 88 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നും അഫ്ഗാനിൽ നിന്നുള്ള റിപ്പോര്‍ട്ടുകൾ പറയുന്നു.
ഏഴ് മരണം; 80 പേർക്ക് പരിക്ക്
അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ കുനാറിലെ ഒരു സർവകലാശാലയിലും ജനവാസ കേന്ദ്രങ്ങളിലുമാണ് കഴിഞ്ഞ തിങ്കളാഴ്ച പാകിസ്ഥാൻ മോർട്ടാറുകളും മിസൈലുകളും ഉപയോഗിച്ച് അക്രമിച്ചത്. പ്രവിശ്യാ തലസ്ഥാനമായ അസദാബാദ് നഗരത്തിലും പരിസര ജില്ലകളിലും ആക്രമണങ്ങൾ ഉണ്ടായതായും താലിബാൻ ഡെപ്യൂട്ടി വക്താവ് ഹംദുള്ള ഫിത്രത്ത് പറഞ്ഞു. പരിക്കേറ്റവരിൽ 30 ഓളം വിദ്യാർത്ഥികളും പ്രൊഫസർമാരും ഉൾപ്പെടുന്നുവെന്ന് അഫ്ഗാനിസ്ഥാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനി സർവകലാശാലയുടെ കെട്ടിടങ്ങൾക്കും പരിസരത്തിനും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു.
സിവിലിയന്മാർക്കും അക്കാദമിക് സ്ഥാപനങ്ങൾക്കുമെതിരായ പാക് ആക്രമണത്തെ 'പൊറുക്കാനാവാത്ത യുദ്ധക്കുറ്റം' എന്നാണ് ഫിട്രാത്ത് വിശേഷിപ്പിച്ചത്. അതേസമയം പാകിസ്ഥാൻ ആക്രമണം നിഷേധിച്ച് രംഗത്തെത്തി. ഔദ്യോഗികമായി വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇരുപക്ഷവും അതിർത്തിയിൽ വെടിവയ്പ്പ് നടത്തുന്നുണ്ടെന്ന് അഫ്ഗാൻ, പാകിസ്ഥാൻ ഉദ്യോഗസ്ഥർ പറഞ്ഞതായി അൽ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. കുനാർ, പാക് - അഫ്ഗാൻ അതിർത്തി പ്രവിശ്യയാണ്. യൂണിവേഴ്സിറ്റി ആക്രമണത്തെക്കുറിച്ച് ഇരുരാജ്യങ്ങളും പരസ്പരവിരുദ്ധമായ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നതെന്നതും ശ്രദ്ധേയം. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ ധാരണയെ തകർക്കുമെന്നും പ്രദേശം വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമെന്നുമുള്ള ആശങ്കയും ഉയർത്തി.
ആക്രമണം, പാക് താലിബാൻറെ ശക്തി കേന്ദ്രത്തിൽ
താലിബാൻ പിന്തുണയുണ്ടെന്ന് പാകിസ്ഥാൻ ആരോപിക്കുന്ന പാക് താലിബാന്റെ (ടിടിപി) ശക്തി കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ആദ്യത്തെ ആക്രമണ സമയത്ത് പാകിസ്ഥാൻ അവകാശപ്പെട്ടത്. എന്നാൽ, കാബുളിലെ ആശുപത്രി ആക്രമിച്ചത് പാക് വാദങ്ങളെ ദുർബലപ്പെടുത്തി. ഖത്തർ, സൗദി തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥയിൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇതിനിടെയാണ് ഇസ്രയേൽ, യുഎസ് സേനകൾ സംയുക്തമായി ഇറാൻ ആക്രമണം ആരംഭിച്ചത്. താത്കാലികമായി അഫ്ഗാനെതിരെയുള്ള യുദ്ധം അവസാനിപ്പിച്ച പാകിസ്ഥാൻ യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത്തിന് മുൻകൈയെടുത്തു. എന്നാൽ, പാകിസ്ഥാനെ ഒരു വിശ്വസ്ഥ രാജ്യമായി കാണാൻ ഇറാൻ തയ്യാറായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകൾ വന്നിരുന്നു.
ഏറ്റവും ഒടുവിലായി ഇറാൻറെ വിശ്വാസം നേടുന്നതിനായി, യുഎസ് ഉപരോധം മറികടക്കാൻ തങ്ങളുടെ അധീനതയിലുള്ള കടൽ, കര മാർഗ്ഗങ്ങളിലൂടെ ഇറാന് വ്യാപാരത്തിനുള്ള അനുമതി നൽകാൻ പാകിസ്ഥാൻ തയ്യാറായെന്നും റിപ്പോര്‍ട്ടുകൾ പുറത്ത് വന്നു. എന്നാൽ, പാക് അധീനതയിലുള്ള കടൽ, കര മാർഗ്ഗങ്ങളിലുടെ ഇറാന് സ്വതന്ത്രമായി സഞ്ചരിക്കണമെങ്കിൽ ബലൂചിസ്ഥാൻ കടക്കണം. പാക് താലിബാൻ സൈനികമായി ബലൂച് തീവ്രവാദികളെ സഹായിക്കുന്നുണ്ടെന്നാണ് പാകിസ്ഥാന്റെ ആരോപണം. ഈയൊരു അവസ്ഥയിൽ ബലൂച് തീവ്രവാദം ദുർബലമാക്കാനുള്ള പാക് ശ്രമമാണോ പുതിയ ആക്രമണത്തിന് കാരണമെന്നും സംശയം ഉയരുന്നു. ടിടിപിയുടെ നിയന്ത്രണത്തിലാണെന്ന് പാകിസ്ഥാൻ ആരോപിക്കുന്ന അഫ്ഗാനിസ്ഥാൻറെ കിഴക്കൻ പ്രവിശ്യയിലാണ് ഇപ്പോൾ പാകിസ്ഥാൻ ആക്രമിച്ചിരിക്കുന്ന കുനാലും ഉൾപ്പെടുന്നത്.


