ടൊറന്റോ കന്നഡ സംഘത്തിന്റെ സാമൂഹിക മാധ്യമ കോർഡിനേറ്റർ, ബ്രാംപ്ടണിലെ ഷിർദി സായിബാബ ക്ഷേത്രത്തിന്റെ ഭാരവാഹി, അഖില വിശ്വ ആര്യവൈശ്യ മഹാസഭയുടെ കാനഡ ഘടകം വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു ചന്ദൻ കുമാർ

ടൊറന്റോ: കാനഡയിൽ ഇന്ത്യൻ ടെക്കി വെടിയേറ്റ് മരിച്ചു. ബെംഗളൂരു നെലാമംഗലയിലെ ത്യാമഗോണ്ട്ലു സ്വദേശിയായ 37കാരൻ ചന്ദൻ കുമാർ ആണ് ടൊറന്റോയിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ റെക്സാഡേൽ ബോളിവാർഡിലെ ദേശീയപാത 27 ലുള്ള ഒരു ഷോപ്പിംഗ് മാളിന്റെ പാർക്കിംഗിൽ വെച്ച് അജ്ഞാതർ നടത്തിയ വെടിവെപ്പിലാണ് ചന്ദൻ കുമാറിന് ദാരുണാന്ത്യം സംഭവിച്ചത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, ഇതൊരു ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഏഴ് വർഷം മുൻപ് കാനഡയിലേക്ക്

ഏഴ് വർഷം മുൻപാണ് ചന്ദൻ ഐടി പ്രൊഫഷണലായി കാനഡയിലെത്തിയത്. ടൊറന്റോ കന്നഡ സംഘത്തിന്റെ സാമൂഹിക മാധ്യമ കോർഡിനേറ്റർ, ബ്രാംപ്ടണിലെ ഷിർദി സായിബാബ ക്ഷേത്രത്തിന്റെ ഭാരവാഹി, അഖില വിശ്വ ആര്യവൈശ്യ മഹാസഭയുടെ കാനഡ ഘടകം വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു ചന്ദൻ കുമാർ. മാളിന്റെ പാർക്കിംഗ് ഏരിയയിൽ കാറിലിരിക്കുകയായിരുന്നു ചന്ദൻ. ഈ സമയത്താണ് അജ്ഞാതർ അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ചന്ദനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. അക്രമികൾ ഒരു വാഹനത്തിൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ചന്ദന്റെ വെള്ള നിറത്തിലുള്ള എസ്‌യുവി കാറിന്റെ മുൻഭാഗത്ത് 10 വെടിയുണ്ടകൾ തുളച്ചുകയറിയ പാടുകളുണ്ട്. ഡ്രൈവറുടെ ഭാഗത്തെ ഗ്ലാസ് പൂർണ്ണമായും തകർന്നിട്ടുണ്ട്. ഈ വർഷം ടൊറന്റോയിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്.

ഷോപ്പിംഗ് മാളിന് സമീപം നടന്ന ഈ വെടിവെപ്പ് ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന ഒന്നാണെന്നും സംഭവത്തിന് പിന്നിൽ എത്രപേരുണ്ട്, എത്ര റൗണ്ട് വെടിവെച്ചു തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും കേസിന്റെ അന്വേഷണ ചുമതലയിലുള്ള ഇൻസ്പെക്ടർ എറോൾ വാട്സൺ പറഞ്ഞു. ചന്ദന്റെ അപ്രതീക്ഷിത മരണം ബെംഗളൂരുവിലെ കുടുംബത്തെ തളർത്തിയിരിക്കുകയാണ്. മകൻ കാനഡയിൽ പോയിട്ട് ആറേഴ് വർഷമായി. തിരികെ വരാൻ ഞങ്ങൾ ഒരുപാട് തവണ പറഞ്ഞതാണ്, പക്ഷേ അവൻ കേട്ടില്ലെന്നാണ് ചന്ദന്റെ അച്ഛൻ നന്ദകുമാർ പ്രതികരിച്ചത്. ചന്ദൻ കുമാർ ടൊറന്റോയിൽ ഒരു കന്നഡ സംഘം തുടങ്ങാൻ മുൻകൈ എടുത്തിരുന്നു. ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന സംശയമാണ് ചന്ദന്റെ അമ്മ പ്രകടിപ്പിച്ചത്.മകന്റെ അന്ത്യകർമങ്ങൾ ജന്മനാട്ടിൽ നടത്താനാണ് താൽപര്യമെന്നും ഇതിനായി മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് ചന്ദന്റെ അച്ഛൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം