ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം, പെട്രോൾ സ്റ്റേഷനിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു ചന്ദ്രശേഖർ പോൾ. മൃതദേഹം അമേരിക്കയിൽ നിന്ന് നാട്ടിലെത്തിക്കാൻ കുടുംബം സർക്കാരിന്‍റെ സഹായം തേടി.
വാഷിങ്ടണ്‍: അമേരിക്കയിലെ ഡാളസിൽ 27 വയസ്സുകാരനായ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ ആണ് മരിച്ചത്. ഇന്നലെ രാത്രി ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ അജ്ഞാതനായ തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. എന്താണ് കാരണമെന്ന് വ്യക്തമല്ല.
ഹൈദരാബാദിൽ നിന്നും ദന്തിസ്റ്റായി ബിരുദം നേടിയ ശേഷം ചന്ദ്രശേഖർ പോൾ ഉന്നത പഠനത്തിനായി അമേരിക്കയിൽ എത്തിയത് 2023ലാണ്. ആറ് മാസം മുൻപ് യുഎസിൽ ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം, ഗ്യാസ് സ്റ്റേഷനിൽ പാർട്ട് ടൈം ജോലി ചെയ്തു കൊണ്ട് മുഴുവൻ സമയ ജോലിക്ക് ശ്രമിക്കുകയായിരുന്നു ചന്ദ്രശേഖർ പോൾ. ചന്ദ്രശേഖർ പോളിന്‍റെ മൃതദേഹം അമേരിക്കയിൽ നിന്ന് നാട്ടിലെത്തിക്കാൻ ചന്ദ്രശേഖർ പോളിന്‍റെ കുടുംബം സർക്കാരിന്‍റെ സഹായം തേടി.
ബിആർഎസ് എംഎൽഎ സുധീർ റെഡ്ഡിയും മുൻ മന്ത്രി ടി ഹരീഷ് റാവുവും ഹൈദരാബാദിലെ വിദ്യാർത്ഥിയുടെ വീട്ടിലെത്തി. മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുവരാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. കുടുംബത്തെ അനുശോചനം അറിയിച്ചു.
"വലിയ ഉയരങ്ങളിലെത്തുമെന്ന് വിശ്വസിച്ചിരുന്ന മകൻ ഇനി ഇല്ലെന്ന് അറിയുമ്പോൾ മാതാപിതാക്കൾ അനുഭവിക്കുന്ന വേദന കാണേണ്ടിവരുന്നത് ഹൃദയഭേദകമാണ്"- ഹരീഷ് റാവു പറഞ്ഞു. ചന്ദ്രശേഖറിന്റെ മൃതദേഹം എത്രയും വേഗം ജന്മനാട്ടിൽ എത്തിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് ബിആർഎസ് ആവശ്യപ്പെട്ടു.


