മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കാനും ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നു. ഈ സഹകരണം തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ നിർണ്ണായകമാകുമെന്നും വിലയിരുത്തപ്പെടുന്നു.
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണ്ണായകമായ ഇസ്രായേൽ സന്ദർശനത്തിന് മുന്നോടിയായി ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ കരാറുകൾ വിപുലീകരിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നു. ഇസ്രായേലിന്റെ അഭിമാനമായ അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനവും മറ്റ് അത്യാധുനിക ഹാർഡ്‌വെയറുകളും ഇന്ത്യയുമായി പങ്കുവെക്കാനാണ് തീരുമാനം. സാങ്കേതികവിദ്യ കൈമാറുന്നതിനൊപ്പം മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനും ലക്ഷ്യമിടുന്നു.
ഇന്ത്യയും ഇസ്രായേലും നേരിടുന്ന സമാനമായ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ നിലവിലുള്ള പ്രതിരോധ കരാറുകൾ കൂടുതൽ ശക്തമാക്കും. അയൺ ഡോം സാങ്കേതികവിദ്യ പങ്കുവെക്കുന്നത് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരിക്കും. തീവ്രവാദത്തിനെതിരെ ഇന്ത്യ, അബ്രഹാം ഉടമ്പടിയിലെ രാജ്യങ്ങൾ, ചില ആഫ്രിക്കൻ രാജ്യങ്ങൾ, ഗ്രീസ്, സൈപ്രസ് എന്നിവരെ ഉൾപ്പെടുത്തി പുതിയൊരു ആക്സിസ് രൂപീകരിക്കാൻ ഇസ്രായേൽ താൽപ്പര്യപ്പെടുന്നു.
ഇരുരാജ്യങ്ങളിലെയും ഭരണത്തലവന്മാർ തമ്മിലുള്ള കൂടിക്കാഴ്ച പ്രതിരോധ മേഖലയിലെ സ്വകാര്യ കമ്പനികൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങൾക്കും വഴിയൊരുക്കുമെന്ന് കോൺസൽ ജനറൽ യാനിവ് റെവാച്ച് പറഞ്ഞു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ളത് വെറുമൊരു നയതന്ത്ര ബന്ധമല്ലെന്നും മറിച്ച് പരസ്പര വിശ്വാസത്തിലും ഇന്നൊവേഷനിലും അധിഷ്ഠിതമായ പങ്കാളിത്തമാണെന്നും ഇസ്രായേൽ അംബാസഡർ റൂവൻ അസർ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഈ സന്ദർശനത്തോടെ ഇരുരാജ്യങ്ങളും നിർണ്ണായകമായ പല ചുവടുവെപ്പുകളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


