വെസ്റ്റ് ബാങ്കിൽ റോഡരികിൽ നിസ്കരിക്കുകയായിരുന്ന പലസ്തീൻകാരനായ യുവാവിനെ ഇസ്രയേൽ സൈനികൻ ഓഫ് റോഡ് വാഹനം ഇടിപ്പിച്ചു. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധം ഉയരുകയും സൈനികനെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു
ജെറുസലേം: റോഡരികിൽ നിസ്കരിക്കുകയായിരുന്ന യുവാവിൻ്റെ നേരെ ഓഫ് റോഡ് വാഹനം ഓടിച്ചുകയറ്റി. വെസ്റ്റ് ബാങ്കിലാണ് സംഭവം. പലസ്തീൻകാരനായ യുവാവിനെയാണ് ഇസ്രയേൽ സൈനികൻ വാഹനം ഇടിപ്പിച്ചുവീഴ്ത്തിയത്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
സംഭവം നടക്കുമ്പോൾ ഇസ്രയേൽ സൈനികൻ യൂണിഫോം ധരിച്ചിരുന്നില്ല. എന്നാൽ ഇദ്ദേഹത്തിൻ്റെ പക്കൽ തോക്കുണ്ടായിരുന്നു. വീഡിയോ ദൃശ്യം പുറത്തുവരികയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തതോടെ സൈനികനെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നും ആയുധം കണ്ടുകെട്ടിയെന്നും ഇസ്രയേൽ അറിയിച്ചു. അതേസമയം അക്രമത്തിന് ഇരയായ പലസ്തീൻ യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇദ്ദേഹത്തെ വിട്ടയച്ചു.
കഴിഞ്ഞ ദിവസമാണ് ഈ സംഭവം നടന്നത്. പിന്നീട് പലസ്തീൻ ടെലിവിഷൻ ഇതിൻ്റെ വീഡിയോ ദൃശ്യം പുറത്തുവിട്ടതോടെയാണ് പ്രതിഷേധം ഉയർന്നത്. വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരെ ഇസ്രായേൽ സൈനികരുടെ അതിക്രമത്തിൻ്റെ ഏറ്റവും പുതിയ തെളിവുകളിലൊന്നാണിത്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം സൈനികൻ്റെ നടപടി ഗുരുതരമായ നിയമലംഘനമെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.


