ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതിന് പിന്നാലെ, ഒമാൻ തീരത്തിനടുത്ത് വെച്ച് ഇറാൻ നാവികസേന എണ്ണ കപ്പലിന് നേരെ ആക്രമണം നടത്തി. അമേരിക്കൻ ഉപരോധം തുടരുന്നതിലുള്ള മറുപടിയായാണ് ഇറാന്റെ ഈ നടപടി. 

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ എണ്ണ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി. ഒമാൻ തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ആദ്യത്തെ ആക്രമണം നടന്നത്. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണ്. ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശനിയാഴ്ച കടലിടുക്കിലൂടെ സഞ്ചരിച്ച എണ്ണ കപ്പലിന് നേരെ ഇറാൻ നാവികസേന വെടിവെപ്പ് നടത്തിയത്. ഖ്വെം, ലാരക് ദ്വീപുകൾക്കിടയിലുള്ള സമുദ്ര ഭാഗത്ത് വെച്ചായിരുന്നു ഇറാൻ റെവല്യൂഷണറി ഗാർഡ്‌സിന്റെ പീരങ്കി ബോട്ടുകൾ കപ്പലിന് നേരെ ആക്രമണം നടത്തിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെയായിരുന്നു വെടിവയ്പ്പെന്നും ടാങ്കറും ജീവനക്കാരും സുരക്ഷിതരാണെന്നും കപ്പലിന്‍റെ ക്യാപ്റ്റൻ അറിയിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ പ്രസ്താവനയിൽ പറഞ്ഞു. 

ഒമാൻ തീരത്ത് ഇന്ന് രണ്ടാമതും കപ്പൽ ആക്രമിക്കപ്പെട്ടു. മൂന്ന് നോട്ടിക്കൽ മൈൽ അകലെ കപ്പലിന് സമീപം സ്ഫോടന വസ്തു പതിച്ചെന്നാണ് റിപ്പോർട്ട്. ഒരു ക്രൂസ് കപ്പലിന് നേരെ ആക്രമണ ശ്രമം നടന്നതായും റിപ്പോർട്ടുണ്ട്. ഹോർമുസിൽ രണ്ടു കപ്പലുകളെ ഇറാൻ തടഞ്ഞ് തിരിച്ചയച്ചു. ഇറാനിലെ തുറമുഖങ്ങൾക്കെതിരെയുള്ള നാവിക ഉപരോധം പൂർണ്ണ തോതിൽ തുടരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് സ്ഥിതിഗതികൾ വീണ്ടും വഷളാക്കിയത്. ഇതോടെ കടലിടുക്ക് തുറന്നുകൊടുക്കാനുള്ള മുൻ തീരുമാനം ഇറാൻ പിൻവലിക്കുകയും നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു. ചർച്ചകളിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഇറാന്റെ ഈ പ്രത്യാക്രമണം.

കപ്പൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ശനിയാഴ്ച ആറോളം കപ്പലുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് മടങ്ങി. "യുഎസ് ഭരണകൂടം വാഗ്ദാനങ്ങൾ ലംഘിച്ചതിനാൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചിരിക്കുകയാണ്. ഒരു രാജ്യത്തിന്‍റെയും കപ്പലുകളെ കടന്നുപോകാൻ അനുവദിക്കില്ല" എന്ന റേഡിയോ സന്ദേശം ഇറാൻ നാവികസേന കപ്പലുകൾക്ക് നൽകി. അമേരിക്കൻ ഉപരോധം അവസാനിക്കുന്നത് വരെ നിയന്ത്രണം തുടരുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോർമുസ് കടലിടുക്ക്. ഇറാനെതിരായ യുഎസ് - ഇസ്രയേൽ സംയുക്ത ആക്രണത്തെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി ഈ പാത അടഞ്ഞുകിടക്കുന്നത് ആഗോളതലത്തിൽ എണ്ണ വില വർധനവിനും വിതരണ തടസ്സത്തിനും കാരണമായിട്ടുണ്ട്. ചർച്ചകൾ ഇതുവരെയും അന്തിമ കരാറിൽ എത്തിയിട്ടില്ല. അമേരിക്കൻ ഉപരോധം പിൻവലിക്കുകയും ഇറാനിലേക്ക് എത്തുന്ന കപ്പലുകൾക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുകയും ചെയ്യുന്നത് വരെ ഹോർമുസിൽ തങ്ങളുടെ കർശന നിയന്ത്രണം തുടരുമെന്ന് ഇറാൻ വ്യക്തമാക്കി. ഇതിനിടെ, ആണവ പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പുതിയ കരാറിലെത്താതെ ഉപരോധം മാറ്റില്ലെന്ന നിലപാടിലാണ് അമേരിക്ക.