ആഗോള എണ്ണ വിപണിയിൽ നിർണായകമായ മാറ്റങ്ങൾക്ക് തുടക്കമിട്ട്, യുഎഇ ഒപെക്, ഒപെക് പ്ലസ് സഖ്യങ്ങളിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. 2027-ഓടെ രാജ്യത്തിന്റെ എണ്ണ ഉൽപ്പാദന ശേഷി പ്രതിദിനം 50 ലക്ഷം ബാരലായി ഉയർത്തുമെന്ന് ഊർജ്ജ മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി അറിയിച്ചു.
അബുദാബി: ആഗോള എണ്ണ വിപണിയിൽ നിർണായകമായ നിലപാടുകളുമായി യുഎഇ. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ നിന്നും ഒപെക് പ്ലസ് സഖ്യത്തിൽ നിന്നും പിന്മാറാനുള്ള യുഎഇയുടെ തീരുമാനം ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ എണ്ണ ആവശ്യകത വർധിച്ച സാഹചര്യത്തിൽ, 2027-ഓടെ രാജ്യത്തിന്റെ എണ്ണ ഉൽപ്പാദന ശേഷി പ്രതിദിനം 50 ലക്ഷം ബാരലായി ഉയർത്തുമെന്ന് യുഎഇ പ്രഖ്യാപിച്ചു. ഊർജ്ജ-അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒപെക്കിൽ നിന്നും ഒപെക് പ്ലസ് സഖ്യത്തിൽ നിന്നും പിന്മാറാനുള്ള യുഎഇയുടെ തീരുമാനം അദ്ദേഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള വിപണിയിൽ കൂടുതൽ വേഗത്തിൽ തീരുമാനങ്ങൾ എടുക്കാനും പ്രവർത്തനങ്ങളിൽ വഴക്കം ഉറപ്പാക്കാനുമാണ് ഈ നീക്കം. ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് പല രാജ്യങ്ങളിലും തന്ത്രപരമായ എണ്ണശേഖരത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഈ വിടവ് നികത്താനും വിപണിയെ സ്ഥിരപ്പെടുത്താനും ഉൽപ്പാദനം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
യുഎഇയുടെ ദേശീയ എണ്ണക്കമ്പനികൾ ഇപ്പോൾ ആഗോളതലത്തിൽ ഉൽപ്പാദനം മുതൽ വിതരണം വരെയുള്ള എല്ലാ മേഖലകളിലും നിക്ഷേപം വ്യാപിപ്പിക്കുകയാണ്. ഉത്തരവാദിത്തമുള്ള ഉൽപ്പാദകർ എന്ന നിലയിൽ ലോകത്തെ എണ്ണ ദൗർലഭ്യം പരിഹരിക്കാൻ യുഎഇ മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് പതിറ്റാണ്ടിലേറെയായി ഒപെക്കുമായി നിലനിന്നിരുന്ന സഹകരണത്തെ യുഎഇ മാനിക്കുന്നു. എന്നാൽ നിലവിലെ ആഗോള സാഹചര്യങ്ങൾ പുതിയൊരു സമീപനം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രമായി രൂപം കൊണ്ടതിന് ശേഷം ആദ്യമായാണ് യുഎഇ കൂട്ടായ്മ വിടുന്നത്. ഇറാൻ ഉൾപ്പെടുന്ന കൂട്ടായ്മ കൂടിയാണ് ഒപെക്. യു.എ.ഇ കൂടി പടിയിറങ്ങുന്നതോടെ അംഗരാജ്യങ്ങളുടെ എണ്ണം പതിനൊന്നായി ചുരുങ്ങും. ഉൽപ്പാദനം വെട്ടിക്കുറച്ചും നിയന്ത്രിച്ചും എണ്ണവില നിയന്ത്രിച്ചിരുന്ന കൂട്ടായ്മയുടെ ശേഷിയെ പിന്മാറ്റം ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.


