അഫ്ഗാനിസ്താനില്‍ താലിബാനെതിരെ നടത്തിയ യുദ്ധത്തില്‍ അമേരിക്കയെ സഹായിക്കുകയും യുഎസ് സൈന്യത്തിനൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് മുന്നില്‍ സ്വന്തം വാതില്‍ കൊട്ടിയടച്ച് അമേരിക്ക. അഭയം നല്കുന്നതിനു പകരം, കോംഗോയിലേക്ക് തള്ളാന്‍ പ്രസിഡന്റ് ട്രംപ്.
വാഷിംഗ്ടണ്‍: അഫ്ഗാനിസ്താനില്‍ താലിബാനെതിരെ നടത്തിയ യുദ്ധത്തില്‍ അമേരിക്കയെ സഹായിക്കുകയും യുഎസ് സൈന്യത്തിനൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് മുന്നില്‍ സ്വന്തം വാതില്‍ കൊട്ടിയടച്ച് അമേരിക്ക. ഇപ്പോള്‍ ഖത്തറില്‍ താല്‍ക്കാലികമായി കഴിയുന്ന ഇവര്‍ക്ക് അമേരിക്കയില്‍ അഭയം നല്കുന്നതിനു പകരം, കടുത്ത മനുഷ്യാവകാശ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന കോംഗോയിലേക്ക് തള്ളാന്‍ പ്രസിഡന്റ് ട്രംപ് ചര്‍ച്ചകള്‍ നടത്തിവരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തേറ്റവും മോശമായ മാനുഷിക സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് കോംഗോ. ഒന്നുകില്‍ കോംഗോയില്‍ പോവുക, അല്ലെങ്കില്‍ താലിബാന് ഭരിക്കുന്ന അഫ്ഗാനിസ്താനിലേക്ക് തിരിച്ചുപോവുക എന്നതാണ് ട്രംപ് ഇവര്‍ക്കു മുന്നില്‍ വെച്ച തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കക്കൊപ്പം കൂടി തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചവരെ അഫ്ഗാനില്‍ കിട്ടിയാല്‍ താലിബാന് ഭരണകൂടം കടുത്ത ദ്രോഹനടപടികളിലേക്ക് പോവുമെന്നാണ് ഇവരുടെ ആശങ്ക. നിര്‍ണായക സമയത്ത് അമേരിക്കയെ സഹായിച്ചവരെ ചതിക്കുന്ന നടപടിയാണ് ഇതെന്നാണ് ഇവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ പറയുന്നത്.
ഈ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അവ്യക്തമാണ്. ഖത്തറിലുള്ള എല്ലാ അഫ്ഗാനികളും കോംഗോയിലേക്ക് പോകുമോ അതോ മറ്റ് രാജ്യങ്ങളുമായി കരാറുകള്‍ ഉണ്ടാക്കുമോ എന്ന കാര്യവും വ്യക്തമല്ല. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ കോംഗോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അഫ്ഗാനികളെ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതില്‍ ബൈഡന് ഭരണകൂടം തിടുക്കം കാട്ടിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് ആരോപിച്ചു. ബാക്കിയുള്ള അഫ്ഗാനികള്‍ക്കായി ഉത്തരവാദിത്തത്തോടെ പുനരധിവാസ മാര്‍ഗങ്ങള്‍ കണ്ടെത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവര്‍ അഫ്ഗാനില്‍നിന്ന് പുറത്തായത് എങ്ങനെ?
താലിബാന് അധികാരത്തിലേറിയതിനു പിന്നാലെയാണ്, അമേരിക്കയെ സഹായിച്ച അഫ്ഗാന് പൗരന്മാര് രാജ്യത്തിനുനിന്നും പലായനം ചെയ്തത്. ഉന്നതവിദ്യാഭ്യാസവും മികച്ച ജോലികളും ഉണ്ടായിരുന്ന, അഫ്ഗാനിലെ മധ്യ-ഉപരിവര്‍ഗങ്ങളില്‍ പെട്ടവരായിരുന്നു ഇവരിലേറെയും. യുഎസ് സൈന്യത്തിന്റെ പരിഭാഷകര്, മുന്‍ അഫ്ഗാന് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഫോഴ്സ് അംഗങ്ങള്‍, അമേരിക്കയ്ക്കുവേണ്ടി സേവനമനുഷ്ഠിച്ചവര്‍ എന്നിവരും അവരുടെ കുടുംബാംഗങ്ങളുമാണ് താലിബാന്റെ പ്രതികാരം ഭയന്ന് അഫ്ഗാന് വിട്ടോടിയത്. അമേരിക്ക തന്നെയാണ് സ്വന്തം വിമാനങ്ങളില്‍ ഇവരെ അഫ്ഗാനിസ്താന് പുറത്തെത്തിച്ചത്.
ഇവരില്‍, 1,90,000-ലധികം അഫ്ഗാനികള്‍ 2021 ഓഗസ്റ്റിനും 2025 പകുതിക്കും ഇടയില്‍ പശ്ചാത്തല പരിശോധനകള്‍ പൂര്‍ത്തിയാക്കി അമേരിക്കയില്‍ പുനരധിവസിക്കപ്പെട്ടു. ബാക്കിയുള്ള 1,100-ലധികം വരുന്ന അഫ്ഗാനികള്‍ ഖത്തറിലെ പഴയ അമേരിക്കന്‍ താവളമായ ക്യാമ്പ് അസ് സെയ്ലിയയിലാണ് കഴിയുന്നത്. ഇതില്‍ 400-ലധികം കുട്ടികളുമുണ്ട്. 2024 അവസാനത്തോടെയാണ് അമേരിക്ക ഇവരെ ഇവിടെ എത്തിച്ചത്. പശ്ചാത്തല പരിശോധനകള്‍ കഴിഞ്ഞാല്‍ അമേരിക്കയില്‍ സ്ഥിരതാമസം നല്‍കാമെന്നായിരുന്നു അന്ന് യുഎസിന്റെ വാഗ്ദാനം. ഖത്തര്‍ ഒരു താല്‍ക്കാലിക താവളം മാത്രമാക്കാനായിരുന്നു നേരത്തെ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ട്രംപിന്റെ രണ്ടാം വരവും അമേരിക്കയില്‍ നടന്ന ഒരു വെടിവെപ്പും ഈ സാഹചര്യം മാറ്റിമറിച്ചു.
താലിബാന് വീണ്ടും അധികാരത്തില്‍ വന്നതിന് ശേഷം അമേരിക്കയിലെത്തിയ ഒരു അഫ്ഗാന് സ്വദേശി കഴിഞ്ഞ വര്‍ഷം വാഷിംഗ്ടണില്‍ ഒരു നാഷണല്‍ ഗാര്‍ഡ് അംഗത്തെ വെടിവെച്ച് കൊന്നിരുന്നു. ഇതിനെത്തുടര്‍ന്ന്, നവംബറില്‍ ട്രംപ് ഭരണകൂടം പ്രത്യേക വിസ പരിപാടി മരവിപ്പിച്ചു. ഖത്തറില്‍ കഴിയുന്ന അഫ്ഗാനികളുടെ ക്യാമ്പ് അടച്ചുപൂട്ടുമെന്ന് ഭരണകൂടം അറിയിച്ചു. എന്നാല്‍, ക്യാമ്പിലുള്ളവരുടെ ഭാവി എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ല. പുനരധിവാസത്തിന് സഹായകമായ നയങ്ങള്‍ ട്രംപ് അവസാനിപ്പിച്ചതോടെ ഇവരുടെ ജീവിതം അനിശ്ചിതത്വത്തിലായി. അതിനിടെ, ഇവരുടെ കാര്യത്തില്‍ തീരുമാനം വേണമെന്ന് ഖത്തര്‍ അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കാത്തിരിക്കുന്നത് കോംഗോയിലെ നരകജീവിതം
ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് കോംഗോയുമായി അമേരിക്ക ചര്‍ച്ചകള്‍ തുടങ്ങിയത്. അതിനു മുമ്പ് തന്നെ യുഎസ് നയതന്ത്രജ്ഞര്‍ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍, അവരാരും ഇവരെ സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് കോംഗോയില്‍ ഇവരെ പുനരധിവസിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നും റുവാണ്ടയില്‍ നിന്നുമുള്ള 6,00,000-ത്തിലധികം അഭയാര്‍ത്ഥികള്‍ കോംഗോയില്‍ നിലവില്‍ കഴിയുന്നുണ്ട്. അയല്‍രാജ്യമായ റുവാണ്ടയുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ സ്വീകരിക്കാന്‍ കോംഗോ സജ്ജമല്ല. ഈ സാഹചര്യത്തില്‍ അഭയാര്‍ത്ഥി ക്ഷേമത്തിന് കുറച്ച് തുക സഹായം നല്കി ഇക്കാര്യം നടത്താനാണ് ട്രംപ് ഭരണകൂടം ആലോചിക്കുന്നത്.
അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ മാസങ്ങളായി കോംഗോയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകള്‍ നടത്തിവരികയാണ്. അമേരിക്ക നാടുകടത്തുന്ന കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിന് ട്രംപ് ഭരണകൂടം അടുത്തിടെ കോംഗോയുമായി ഒരു കരാറിലെത്തിയിരുന്നു. ഈ കരാറിന്റെ ഭാഗമായി, കോംഗോയിലെ അഭയാര്‍ത്ഥികളുടെ ക്ഷേമത്തിനായി യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് 50 മില്യണ്‍ ഡോളര്‍ ഗ്രാന്റായി നല്‍കാമെന്ന് അമേരിക്ക സമ്മതിച്ചിരുന്നു.
ഖത്തറില്‍ കഴിയുന്ന ഈ അഫ്ഗാനികളില് പലരും തങ്ങളെ കോംഗോയിലേക്ക് അയക്കുന്നതിനോട് വിയോജിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോംഗോയില്‍ തങ്ങള്‍ക്ക് എന്ത് സുരക്ഷയാണ് ലഭിക്കുക എന്നാണ് അവരുടെ ചോദ്യം. തങ്ങളുടെ പ്രിയപ്പെട്ടവര്‍ അമേരിക്കയിലുള്ളപ്പോള്‍ എന്തിനാണ് തങ്ങളെ കോംഗോയിലേക്ക് തള്ളുന്നത് എന്നാണ് അവര്‍ ചോദിക്കുന്നത്.
ഇത് കൊടും ചതിയെന്ന് സന്നദ്ധ സംഘടനകള്‍
അമേരിക്കയെ സഹായിച്ചതിന്റെ പേരില്‍ അപകടം നേരിടുന്ന അഫ്ഗാനികളോടുള്ള ഉത്തരവാദിത്തം മറന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ആഴ്ചകള്‍ക്കുള്ളില്‍ തങ്ങളെ അമേരിക്കയിലേക്ക് മാറ്റുമെന്ന് വിശ്വസിച്ചിരുന്നവരാണ് ഇവര്‍. കൂടെ നിന്നവരെ അമേരിക്ക ഇത്തരത്തില്‍ ചതിക്കുകയാണെങ്കില്‍, ഇനി ആര് അമേരിക്കയ്ക്ക് വേണ്ടി പോരാടും?'-അഫ്ഗാന് മനുഷ്യാവകാശ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന മുന്‍ നയതന്ത്രജ്ഞ റീന അമീരി ചോദിക്കുന്നു. അമേരിക്കയെ സഹായിച്ച അഫ്ഗാനികളോടുള്ള ഉത്തരവാദിത്തവും കുടിയേറ്റം വെട്ടിക്കുറയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളും തമ്മിലുള്ള വൈരുധ്യങ്ങളാണ് ഈ പ്രശ്നത്തിന്റെ അടിസ്ഥാന കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
'കോംഗോയില്‍ പോയില്ലെങ്കില്‍ ഇവരെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അവിടെ അവര്‍ക്ക് മരണം ഉറപ്പാണ്. എന്തായാലും, ഈ അഫ്ഗാനികള്‍ കോംഗോ തിരഞ്ഞെടുക്കില്ലെന്ന് അവര്‍ക്കറിയാം. ലോകത്തിലെ ഒന്നാം നമ്പര്‍ അഭയാര്‍ത്ഥി പ്രതിസന്ധിയില്‍ നിന്ന് രണ്ടാം നമ്പര്‍ പ്രതിസന്ധിയിലേക്ക് ആരെങ്കിലും പോകുമോ?'-അഫ്ഗാന് ഇവാക് എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് ഷോണ്‍ വാന്‍ഡിവര്‍ ചോദിക്കുന്നത് നിര്‍ണായകമായ ചോദ്യമാണ്.
നിലവിലെ നയങ്ങളില്‍ ഇളവ് വരുത്തി് ഇവരെ അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ ഭരണകൂടത്തിന് മറ്റ് മാര്‍ഗങ്ങളുണ്ടെന്ന് നോ വണ്‍ ലെഫ്റ്റ് ബിഹൈന്‍ഡ് എന്ന സന്നദ്ധ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും മുന്‍ യുഎസ് സൈനിക ഉദ്യോഗസ്ഥനുമായ ആന്‍ഡ്രൂ സള്ളിവന് പറഞ്ഞു. 'സുരക്ഷാ പരിശോധനകളില്‍ വിജയിക്കുന്നവര്‍ അമേരിക്കയിലേക്ക് തന്നെ വരണമെന്നാണ് ഞങ്ങളുടെ വിശ്വാസം. വരാന്‍ സാധിക്കില്ലെങ്കില്‍, സുരക്ഷയും പിന്തുണയും ലഭിക്കുന്നതും മനുഷ്യാവകാശ പ്രശ്നങ്ങളില്ലാത്തതുമായ മൂന്നാമതൊരു രാജ്യത്തേക്ക് അവരെ മാറ്റുന്നു എന്ന് ഉറപ്പുവരുത്താന്‍ അമേരിക്കന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.'-അദ്ദേഹം പറഞ്ഞു.


