സൗദിയിലെ ഒരു വിവാഹത്തിൽ വധുവിന്റെ സഹോദരൻ സ്വർണ്ണക്കട്ടികൾ സമ്മാനമായി നൽകുന്നുവെന്ന പേരിൽ ഒരു വീഡിയോ വൈറലായിരുന്നു. എന്നാൽ, വീഡിയോയിൽ കാണുന്നത് സ്വർണ്ണക്കട്ടികളല്ല, മറിച്ച് സ്വർണ്ണനിറത്തിൽ പൊതിഞ്ഞ പ്രീമിയം ചോക്ലേറ്റുകളാണെന്ന് പിന്നീട് വ്യക്തമായി. 

റിയാദ്: ആഡംബരത്തിന്റെ കാര്യത്തിൽ സൗദി അറേബ്യയിലെ വിവാഹങ്ങൾ എന്നും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇത്തവണ വധുവിന്റെ സഹോദരൻ വരന്റെ വീട്ടുകാർക്ക് 24 കാരറ്റ് സ്വർണ്ണക്കട്ടികൾ സമ്മാനമായി നൽകുന്നു എന്ന പേരിലാണ് ഒരു വീഡിയോ ഇൻ്റർനെറ്റിൽ തീ പടർത്തിയത്. എന്നാൽ വീഡിയോ വൈറലായതോടെ ഈ സ്വർണ്ണക്കട്ടികളുടെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്.

സൗദിയിലെ പരമ്പരാഗത വസ്ത്രം ധരിച്ച പുരുഷന്മാർ വരിവരിയായി ഇരിക്കുന്നതും ഒരാൾ പെട്ടിയിലുള്ള തിളങ്ങുന്ന മഞ്ഞ നിറത്തിലുള്ള കട്ടികൾ ഓരോരുത്തർക്കായി നൽകുന്നതുമാണ് വീഡിയോയിലുള്ളത്. എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെക്കപ്പെട്ട ഈ വീഡിയോ നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വധുവിന്റെ സഹോദരൻ നൽകുന്ന അതിമനോഹരമായ സമ്മാനം കണ്ട് പലരും അത്ഭുതപ്പെട്ടു.

സ്വർണ്ണക്കട്ടികളാണെന്ന വാദം ശക്തമാകുന്നതിനിടെ, സൗദി അറേബ്യയിൽ നിന്നുള്ളവർ തന്നെ വിശദീകരണവുമായി രംഗത്തെത്തി. വീഡിയോയിൽ കാണുന്നത് സ്വർണ്ണക്കട്ടികളല്ല, മറിച്ച് സ്വർണ്ണനിറത്തിലുള്ള കടലാസിൽ പൊതിഞ്ഞ പ്രീമിയം ചോക്ലേറ്റുകളാണ്. മിഡിൽ ഈസ്റ്റിൽ ഇത്തരം വിശേഷാവസരങ്ങളിൽ ആഡംബര ചോക്ലേറ്റുകൾ സമ്മാനമായി നൽകുന്നത് പതിവാണ്. സൗദി കോഫിക്കൊപ്പം അതിഥികൾക്ക് നൽകുന്ന പ്രത്യേക മധുരപലഹാരമാണിതെന്ന് പലരും കമന്റുകളിലൂടെ വ്യക്തമാക്കി. ആദ്യകാഴ്ചയിൽ ആരെയും അമ്പരപ്പിക്കുന്ന രീതിയിലാണ് ഈ ചോക്ലേറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണം വിതരണം ചെയ്യുന്നു എന്ന തെറ്റായ പ്രചാരണത്തിനാണ് ഇതോടെ അന്ത്യമായത്.

Scroll to load tweet…

Scroll to load tweet…