എന്താണ് ജെ മെയിൽ? എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവന്നതിന് പിന്നാലെ തരംഗമാകുന്ന ജി മെയിലിന് സമാനമായ ടൂളിനെക്കുറിച്ച് കൂടുതൽ അറിയാം

കാലിഫോർണിയ:ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വന്നതിന് പിന്നാലെ മുഖം മറയ്ക്കാൻ നെട്ടോടമോടുകയാണ് പല ലോക നേതാക്കളും വ്യവസായ പ്രമുഖരും അതിസമ്പന്നരും. എന്നാൽ എപ്സ്റ്റീൻ ഫയലിനൊപ്പം തരംഗമായ മറ്റൊരു സാങ്കേതിക ടൂൾ ആണ് ജെ മെയിൽ. ജിമെയിൽ, യാഹു, സോഹോ പോലെ മെയിലുകൾ അയയ്ക്കാൻ ഉള്ള ടൂളുകൾ പരിചിതമാണെങ്കിലും ജെ മെയിൽ പലർക്കും അപരിചിതം ആയിരിക്കും. എന്താണ് ജെ മെയിൽ? എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവന്നതിന് പിന്നാലെ തരംഗമാകുന്ന ജി മെയിലിന് സമാനമായ ടൂളിനെക്കുറിച്ച് കൂടുതൽ അറിയാം. ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് പരസ്യപ്പെടുത്തിയ ഇമെയിൽ ശേഖരങ്ങൾ എളുപ്പത്തിൽ പരിശോധിക്കാൻ സഹായിക്കുന്ന പുതിയ വെബ് ടൂൾ ആണ് ജെ മെയിൽ. നേരത്തെ ചിതറിക്കിടന്നിരുന്ന പിഡിഎഫ് ഫയലുകൾ, സ്കാൻ ചെയ്ത രേഖകൾ എന്നിവയ്ക്ക് പകരം പതിനായിരക്കണക്കിന് ഇമെയിലുകളെ ജിമെയിലിന് സമാനമായ രീതിയിൽ ഈ പ്ലാറ്റ്‌ഫോം ക്രമീകരിച്ചിരിക്കുകയാണ് ജെ മെയിലിൽ ചെയ്തിട്ടുള്ളത്.

പ്രമുഖ ഇൻറർനെറ്റ് ആർട്ടിസ്റ്റ് റൈലി വാൽസും കിനോ എന്ന എഐ വീഡിയോ എഡിറ്റിംഗ് സ്ഥാപനത്തിന്റെ സിഇഒയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ ലൂക്ക് ഇഗലും ചേർന്നാണ് ജെ മെയിൽ വികസിപ്പിച്ചത്. ഈ പ്ലാറ്റ്‌ഫോം പുതിയ വിവരങ്ങളൊന്നും പുറത്തുവിടുന്നില്ലെന്നും, മറിച്ച് നിയമപരമായ മാർഗങ്ങളിലൂടെ നേരത്തെ ലഭ്യമായ ഇമെയിലുകളെ ഒരു ഇൻബോക്സ് രൂപത്തിൽ പുനക്രമീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇതിന്റെ സൃഷ്ടാക്കൾ വ്യക്തമാക്കുന്നത്.എപ്സ്റ്റീൻ ഫയലുകൾ പുറത്ത് വന്ന സമയത്ത് പല ഫയലുകളും വ്യക്തമല്ലാത്ത രീതിയിൽ സ്കാൻ ചെയ്തവയായതിനാൽ അവ വായിക്കാനും പരിശോധിക്കാനും പ്രയാസമായിരുന്നു. ഈ വെല്ലുവിളി പരിഹരിക്കാനാണ് ജെമെയിൽ രൂപീകരിച്ചതെന്നും ലൂക്ക് ഇഗൽ പറയുന്നത്.സാധാരണ ഇമെയിൽ സേവനങ്ങളിലേതുപോലെ ഇൻബോക്സ് , സെന്റ് ഫോൾഡറുകൾ, കീവേഡ് സെർച്ച് എന്നിവ ജെ മെയിലിലുണ്ട്. ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ, എഐ സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് വ്യക്തമല്ലാത്ത സ്കാനുകളെ വായിക്കാൻ കഴിയുന്ന ടെക്സ്റ്റ് രൂപത്തിലേക്ക് ജെമെയിൽ മാറ്റുന്നു. അതിനാൽ പുറത്ത് വന്ന രേഖകൾ വിശദമായി വായിക്കാൻ ജെ മെയിൽ ഉപയോഗിക്കുന്നവർക്ക് സാധിക്കും.

ഫയലുകളിൽ ഉൾപ്പെട്ടവരെ സുഗമമായി കണ്ടെത്താൻ ഇമെയിലുകളിൽ പേരുകളോ കീവേഡുകളോ തിരയാം. ഇമെയിൽ സംഭാഷണങ്ങൾ വർഷങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാം. പ്രമുഖ വ്യക്തികൾ ഉൾപ്പെട്ട സന്ദേശങ്ങൾ കണ്ടെത്താം. പ്രധാനപ്പെട്ട ഇമെയിലുകൾ 'സ്റ്റാർ'മാർക്ക് ചെയ്ത് വയ്ക്കാം. പുതിയ ഡാറ്റകളൊന്നും പ്രസിദ്ധീകരിക്കുന്നില്ലെന്നും, പൊതുരേഖകളെ ഉപയോക്തൃ സൗഹൃദമായ രീതിയിൽ അടുക്കി വെക്കുക മാത്രമാണ് ജെമെയിൽ ചെയ്യുന്നതെന്നും നിർമ്മാതാക്കൾ ആവർത്തിച്ച് പറയുന്നത്. വലിയ രീതിയിൽ എപ്സ്റ്റീൻ ഫയലുകളിലെ വിവരം സാധാരണക്കാരിലേക്ക് എത്തിക്കാൻ വലിയ പങ്കാണ് ജെ മെയിൽ വഹിക്കുന്നത്. എപ്സ്റ്റീനുമായുള്ള ബന്ധം ആരെയും കുറ്റവാളിയാക്കുന്നില്ലെന്ന് എടുത്തുപറയുമ്പോഴും സമ്പത്തും പ്രശസ്തിയും അധികാരവും സ്വാധീനവും കൂടി ഒരു കൂട്ടം പെൺകുട്ടികളെ എങ്ങനെ ഇരകളാക്കി ഉപയോഗിച്ചുവെന്നത് ലോകത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും വിചാരണയുണ്ടാവില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതോടെ ഇരകൾക്ക് എങ്ങനെ നീതി കിട്ടുമെന്ന് ഇപ്പോഴും വ്യക്തമല്ല. ഇപ്പോൾ പുറത്തുവിട്ട ഫയലുകളിൽ പലതിലും ഇരകളാരെന്ന് വ്യക്തമാവുന്നത് ഇരകളെ സാരമായി ബാധിച്ചിട്ടുമുണ്ട്. സാങ്കേതിക തകരാർ എന്ന് യുഎസ് നീതിന്യായ വകുപ്പ് വിശദീകരിക്കുന്നുണ്ടെങ്കിലും നൂറോളം പേരുടെ ജീവിതം തന്നെ താറുമാറായി എന്നാണ് റിപ്പോർട്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം