ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ പിൻഗാമിയായി രണ്ടാമത്തെ മകൻ മുജ്തബ ഖമനെയിയുടെ പേര് ഉയർന്നു കേൾക്കുന്നു. മതപണ്ഡിതനായ അദ്ദേഹം ഇസ്‌ലാമിക നിയമം പഠിച്ചിട്ടുണ്ട്. ഐആർജിസിയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള മുജ്തബയുടെ ജീവിതം ഇങ്ങനെ.. 

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്ന വാ‍‍‍‌ർത്തകൾ പുറത്ത് വന്നതിന് പിന്നാലെ ഇനി ആര് നയിക്കുമെന്ന ചോ​ദ്യം ഉയ‌രുകയാണ്. ഖമനെയിയുടെ മകളും മരുമകനും പേരക്കുട്ടിയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇപ്പോൾ പിൻ​ഗാമിയായി ഉയ‍‍ർന്നു കേൾക്കുന്ന ഒരു പേര് ഖമനെയിയുടെ മകൻ മുജ്തബ ഖമനെയിയുടേതാണ്. മുജ്തബ എന്ന പേര് വന്നത് അറബി ഭാഷയിൽ നിന്നാണ്. “തെരഞ്ഞെടുക്കപ്പെട്ടവൻ” എന്നാണ് ഇതിന‌‍‍‌ർത്ഥം. ഇസ്‌ലാമിക സാഹിത്യത്തിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ഒരു വിശേഷണനാമമായും ഇത് ഉപയോഗിക്കപ്പെടുന്നു.

ആരാണ് മുജ്തബ ഖമനെയി?

കഴിഞ്ഞ ജൂലൈയിൽ നടന്ന 12 ദിവസത്തെ ഇറാൻ–ഇസ്രായേൽ സംഘർഷത്തിനിടെ സാമൂഹ്യ മാധ്യമങ്ങളിലടക്കം ഉയ‍‍‌ർന്നു കേട്ട ഒരു പേരായിരുന്നു മുജ്തബ ഖമനെയിയുടേത്. ഖമനെയിയുടെ ആറ് മക്കളിൽ രണ്ടാമത്തെ മകനാണ് മുജ്തബ. ഹോദ, ബോഷ്ര, മൊസ്തഫ, മസൂദ്, മെയ്‌സം എന്നിവരാണ് മറ്റു മക്കൾ. 1969 ൽ ഇറാനിലെ മഷ്ഹദ് നഗരത്തിൽ ജനിച്ച അദ്ദേഹം തത്വശാസ്ത്രവും ഇസ്‌ലാമിക നിയമവും അഭ്യസിച്ച് ഒരു മതപണ്ഡിതനായി വളർന്നു. തത്വശാസ്ത്രവും പഠിച്ചതായി റിപ്പോ‍‍‌ർട്ടുകളുണ്ട്. 1987-ൽ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഐആർജിസിയിൽ ചേർന്ന മുജ്തബ, ഇറാൻ–ഇറാഖ് യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ സേവനം അനുഷ്ഠിച്ചു. ഇറാനിലെ മുതിർന്ന മതപണ്ഡിതരുമായും ഐആർജിസി നേതൃത്വവുമായും നല്ല ബന്ധം പുല‍ർത്തുന്നയാളാണ് മുജ്തബ ഖമനെയി.