മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യു ഉദ്യോഗസ്ഥരുടെ കൈയ്യും കാലും തല്ലിയൊടിക്കുമെന്ന് ദേവികുളം എംഎൽഎ എ.രാജ ഭീഷണിപ്പെടുത്തി. സ്പെഷ്യൽ തഹസിൽദാർ സി.വി.ഗായത്രിയെ ഫോണിൽ വിളിച്ചായിരുന്നു ഭീഷണി

ഇടുക്കി: റവന്യു ഉദ്യോ​ഗസ്ഥരുടെ കൈയ്യും കാലും തല്ലി ഒടിക്കുമെന്നു ദേവികുളം എംഎൽഎ എ.രാജയുടെ ഭീഷണി. മൂന്നാർ സ്പെഷ്യൽ തഹസിൽദാർ സി.വി.ഗായത്രിയെ ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഭീഷണി. സ്പെഷ്യൽ തഹസീൽദാർ സി വി ഗായത്രിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാർ ടൗണിൽ കയ്യേറ്റ ഭൂമിയിലെ നിർമാണങ്ങൾക്ക് സ്റ്റോപ്പ്‌ മെമ്മോ നൽകിയിരുന്നു. ഇവർ പരാതിയുമായി എംഎൽഎയെ സമീപിച്ചു. ജീവനക്കാരിൽ ചിലർ കൈക്കൂലി വാങ്ങി കയ്യേറ്റങ്ങൾക്ക് ഒത്താശ ചെയ്യുന്നുവെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കുമോ എന്നും എം എൽ എ ചോദിച്ചു. വിവരം നൽകിയാൽ റിപ്പോർട്ട്‌ ചെയ്യാമെന്ന് തഹസീൽദാർ മറുപടിയും പറഞ്ഞു. ഇതിനിടെയാണ് ജീവനക്കാർക്കെതിരെ എംഎൽഎയുടെ ഭീഷണി. നിയമപരമായാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് തഹസീൽദാർ പറയുമ്പോൾ നിയമം നോക്കിയാൽ നാട്ടിൽ കെട്ടിടങ്ങൾ ഉയരില്ലെന്നാണ് എംഎൽഎ മറുപടി നൽകുന്നത്.

കഴിഞ്ഞ മാസം നടന്ന സംഭാഷണം അന്ന് തന്നെ ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ തഹസീൽദാർ പങ്കുവച്ചിരുന്നു. ദേവികുളം സബ് കളക്ടറെയും വിവരം അറിയിച്ചിരുന്നു. എന്നാൽ പരാതി നൽകിയിരുന്നില്ല. ഇപ്പോഴാണ് ശബ്ദ സന്ദേശം പുറത്തു വന്നത്. പട്ടയ ഭൂമിയിൽ പണിത കെട്ടിടങ്ങൾക്ക് സ്റ്റോപ്പ്‌ മെമ്മോ നൽകിയ ശേഷം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തുമെന്ന്‌ ജീവനക്കാർ ഭീഷണിപ്പടുത്തിയതാണ് ഇത്തരത്തിൽ പറയാൻ കാരണമായതെന്നാണ് എ.രാജയുടെ വിശദീകരണം. പാവപ്പെട്ടവരുടെ പ്രശ്നത്തിൽ ആണ് ഇടപെട്ടതെന്നും ജീവനക്കാരിൽ ചിലർ കൈക്കൂലി വാങ്ങി വൻകിട കയ്യേറ്റങ്ങൾക്ക് ഒത്താശ ചെയ്യുന്നുണ്ട് എന്നും എം എൽ എ ആവർത്തിച്ചു. ചിന്നക്കനാൽ ഭാഗത്തും കഴിഞ്ഞയിടെ കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ ഉടുമ്പഞ്ചോലയിലെ റവന്യു സംഘത്തെ സി പി എം നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു.