ആലപ്പുഴ തുറവൂർ താലൂക്ക് ആശുപത്രിയിലെ തീപിടിത്തത്തില്‍ രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്സിനു വഴി നൽകാത്ത സംഭവത്തില്‍ വാഹന ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴ: ആലപ്പുഴ തുറവൂർ താലൂക്ക് ആശുപത്രിയിലെ തീപിടിത്തത്തില്‍ രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്സിനു വഴി നൽകാത്ത സംഭവത്തില്‍ വാഹന ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. പട്ടണക്കാട് പൊലീസാണ് കേസെടുത്തത്. വാഹനം പിടിച്ചെടുക്കുകയും ചെയ്തു. കുത്തിയതോട് സ്വദേശി സുജിത്തിനെതിരെയാണ് കേസ്. അപകടകരമായ രീതിയിലാണ് ഇയാൾ വാഹനം ഓടിച്ചത്. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ ആലപ്പുഴ എസ്എച്ച്ഒ യുടെ പരാതിയിലാണ് നടപടി.

ആശുപത്രിയിലെ മരുന്നുകൾ സൂക്ഷിച്ച ​ഗോഡൗണിലാണ് തീ പടർന്നത്. ആശുപത്രി കെട്ടിടത്തിന്‍റെ മൂന്നാം നിലയിലായിരുന്നു സംഭവം. വലിയ രീതിയിൽ പുക ഉയരുന്നത് കണ്ട് ആളുകളെല്ലാം പരിഭ്രാന്തിയിലായി. പിന്നാലെ ആശുപത്രിയിലെ രോഗികളെ മാറ്റി. രോഗികളെ ചേർത്തല താലൂക്ക് ആശുപത്രിയിലേക്കായിരുന്നു മാറ്റിയത്. അപകടത്തില്‍ ആർക്കും കാര്യമായ പരിക്കുണ്ടായിട്ടില്ല. എസിയിൽ നിന്ന് ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

YouTube video player