വരുന്ന തിരഞ്ഞെടുപ്പിൽ മികച്ച വിജയം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഭരിക്കാൻ വേണ്ടിയാണ് തങ്ങൾ മത്സരിക്കുന്നത്. ഒന്നോ രണ്ടോ സീറ്റിനു വേണ്ടിയല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

തിരുവനന്തപുരം: കേരളത്തിൽ നടന്ന വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്ഥാനാർത്ഥി പട്ടിക രണ്ട് ഘട്ടമായി പുറത്തിറക്കുമെന്നും ആദ്യഘട്ടം സ്ഥാനാർത്ഥി പട്ടിക ഈ മാസം തന്നെയെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. പാർട്ടിയുടെ ലക്ഷ്യം വികസിത കേരളം എന്നതാണ്. അതിനുള്ള ആത്മവിശ്വാസം പ്രവർത്തകർക്ക് നൽകുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. വരുന്ന തിരഞ്ഞെടുപ്പിൽ മികച്ച വിജയം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഭരിക്കാൻ വേണ്ടിയാണ് തങ്ങൾ മത്സരിക്കുന്നത്. ഒന്നോ രണ്ടോ സീറ്റിനു വേണ്ടിയല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

ജനങ്ങളെ വിഡ്ഢികളാക്കാൻ ഞങ്ങൾ തയ്യാറല്ല, തെരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപനങ്ങൾ നടത്തുന്ന പാർട്ടി അല്ല ഞങ്ങളുടേത്. ഞങ്ങളുടെ രാഷ്ട്രീയം വികസന രാഷ്ട്രീയമാണ്. അതിന് ജനങ്ങൾ ഒരു അവസരം നൽകിയിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ കൊടുത്ത വാഗ്ദാനങ്ങൾ ഞങ്ങൾ പാലിക്കും. നുണ പറഞ്ഞ് വോട്ട് നേടുന്ന പാർട്ടി സിപിഎമ്മും കോൺഗ്രസുമാണെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക ഈ മാസവും രണ്ടാം ഘട്ടം പട്ടിക അടുത്ത മാസവും പുറത്തിറക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ഇത്തരത്തിൽ എത്രയോ അമ്പലങ്ങളിൽ കൊള്ള നടന്നിരിക്കുന്നു, കൊള്ള നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്. എൻഡിഎ ഗവൺമെന്റ് അധികാരത്തിൽ വന്നാൽ മാത്രമേ ഇത്തരം കൊള്ളകൾ അവസാനിപ്പിക്കാൻ സാധിക്കൂവെന്നും ബിജെപി അധ്യക്ഷൻ ചൂണ്ടിക്കാട്ടി.