യുവാവിനെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യം പുറത്തുവന്നിരുന്നു. 15 പേർക്കെതിരെയാണ് പൊലീസ് കേസടുത്തത്. ‌രാഷ്ട്രീയ ഇടപെടലാണ് പ്രതികളെ പിടികൂടാൻ വൈകുന്നതിന് കാരണമെന്നാണ് ആക്ഷേപം. 

കൊല്ലം: കൊല്ലത്ത് ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസ് പ്രവർത്തകർ‌ അതിക്രൂരമായി മർദിച്ച കേസിൽ പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ലെന്ന് ആക്ഷേപം. മർദ്ദനം നടന്ന് ഒരാഴ്ച്ചയായിട്ടും പ്രതികളെ കണ്ടെത്തിയിട്ടില്ലെന്ന് ആക്ഷേപമാണ് ഉയരുന്നത്. കേസെടുത്ത് മൂന്ന് ദിവസമായിട്ടും പ്രതികൾ ഒളിവിലെന്നാണ് ശൂരനാട് പൊലീസിൻ്റെ മറുപടി. ക്ഷേത്രോത്സവത്തിനിടെയാണ് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പൃഥ്വിരാജിന് മർദ്ദനമേറ്റത്. യുവാവിനെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യം പുറത്തുവന്നിരുന്നു. 15 പേർക്കെതിരെയാണ് പൊലീസ് കേസടുത്തത്. ‌രാഷ്ട്രീയ ഇടപെടലാണ് പ്രതികളെ പിടികൂടാൻ വൈകുന്നതിന് കാരണമെന്നാണ് ആക്ഷേപം.

ഇടിവള പോലെ ശക്തമായ വസ്തുകൊണ്ട് ആക്രമിച്ചതിനെ തുടര്‍ന്ന് പൃഥ്വിരാജിൻറെ തലയിൽ ആഴത്തിലുള്ള മുറിവുണ്ട്. ശരീരമാസകലം ചതവുണ്ടെന്നും എഫ്ഐആറിൽ പറയുന്നു. 15 പേരടങ്ങുന്ന സംഘമാണ് യുവാവിനെ അതിക്രൂരമായി ആക്രമിച്ചത്. വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയ്തത്. രാഷ്ട്രീയ ഇടപെടലിന്‍റെ ഭാഗമായിട്ടാണ് പ്രതികളെ ഇതുവരെ പിടികൂടാത്തത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.