സർവ്വ ശിക്ഷ കേരളം പദ്ധതിയിൽ കേരളത്തിനുള്ള ഫണ്ട് നൽകുമെന്ന വാഗ്ദാനം കേന്ദ്രം പാലിച്ചില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ
ദില്ലി: സർവ്വ ശിക്ഷ കേരളം പദ്ധതിയിൽ കേരളത്തിനുള്ള ഫണ്ട് നൽകുമെന്ന വാഗ്ദാനം കേന്ദ്രം പാലിച്ചില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാർ ഈ ആരോപണം ഉന്നയിച്ചത്. സർവ്വ ശിക്ഷ കേരളം പദ്ധതിയിൽ കേരളത്തിന് അർഹതപ്പെട്ട പണം ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിസ്റ്റർ ജനറൽ ഐശ്വര്യ ഭട്ടി കഴിഞ്ഞ നവംബറിൽ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ വാഗ്ദഗാനം കേന്ദ്രം പാലിച്ചില്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി വി ദിനേശ്, സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ കോടതിയിൽ പറഞ്ഞു.
ഈക്കാര്യം വ്യക്തമാക്കി തിങ്കളാഴ്ച്ചയ്ക്കം സത്യവാങ്മൂലം ഫയൽ ചെയ്യാൻ ജസ്റ്റിസ് ദീപാങ്കർ ഭട്ടാചാര്യ, ജസ്റ്റിസ് കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എന്നാൽ കേരളത്തിന് ഫണ്ട് ലഭിച്ചതായി ഇടതുസംഘടനയുടെ ഭാഗമായ കെ.ആർ.ടി.എ അസോസിയേഷൻ വ്യക്തമാക്കി. കോടതി രണ്ടു മാസം സമയം നൽകിയിട്ടും കേരളം സത്യവാങ്മൂലം സമർപ്പിച്ചില്ലെന്നും സംഘടനയ്ക്കായി മുതിർന്ന അഭിഭാഷകൻ രാകേന്ദ് ബസന്ത്, അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ എന്നിവർ പറഞ്ഞു. ഇതോടെ കോടതി സത്യവാങ്മൂലം സമർപ്പിക്കാണൻ നിർദ്ദേശിച്ചത് .കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.



