ഡാറ്റാ ചോര്‍ച്ച വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. സന്ദേശങ്ങള്‍ അയച്ചത് ഐടി മിഷൻ മുഖേനെയാണെന്നും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്ളതിനാലാണ് എകീകൃത സന്ദേശം അയച്ചതെന്ന് വിശദീകരണം

തിരുവനന്തപുരം: ഡാറ്റാ ചോര്‍ച്ച വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. സന്ദേശങ്ങള്‍ അയച്ചത് ഐടി മിഷൻ മുഖേനെയാണെന്നും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്ളതിനാലാണ് എകീകൃത സന്ദേശം അയച്ചത്, എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്ന് മുന്‍ പ്രതിപക്ഷ നേതാവിന്‍റെ വാര്‍ത്താ സമ്മേളനത്തിൽ നിന്ന് വ്യക്തമാണ്. ചെന്നിത്തല പുറത്തുവിട്ട കത്തിൽ തന്നെ നടപടിക്രമങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്. ഡാറ്റാ ഏകീകരണം അറിയിപ്പുകള്‍ക്ക് സഹായകമാകും. നിയമപരമായി ചുമതലപ്പെട്ട ഐടി മിഷനാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. വിവരസുരക്ഷയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. ഒരു വിവരവും പുറത്തുള്ള ഏജന്‍സിക്ക് കൈമാറുന്നില്ല. മുഖ്യമന്ത്രിയുടെ സന്ദേശം ഡാറ്റ ചോര്‍ച്ചയല്ല. മറിച്ചുള്ള വ്യഖ്യാനം ദുരുദേശ്യപരമാണ്. സര്‍ക്കാര്‍ തീരുമാനം അറിയിക്കുന്നത് പ്രചരണമല്ല. അപകീര്‍ത്തികരമായ പ്രചാരണത്തിൽ നിന്ന് പിന്മാറണമെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ മറുപടിയില്‍ പറയുന്നത്.

സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങളുള്ള സ്‌പാർക് സോഫ്റ്റ്‌വെയറിൽ നിന്നാണ് ഡാറ്റ ചോർത്തിയതെന്നായിരുന്നു പുറത്ത് വന്ന വിവരം. എന്നാൽ ഇതിനേക്കാൾ വളരെയേറെ വ്യാപ്തിയുള്ള അതീവ ഗുരുതരമായ ഡാറ്റ ചോർത്തലാണ് നടന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കെ-സ്മാർട്ടിലെ വിവിധ സേവനങ്ങളിലായി രജിസ്റ്റർ ചെയ്ത ഒരു കോടിയോളം പേരുടെ വിവരങ്ങളാണ് ഇൻഫർമേഷൻ കേരള മിഷൻ്റെ പക്കലുള്ളത്. ഈ വിവരങ്ങൾ ചോർത്തിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സന്ദേശങ്ങൾ അയച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സാധൂകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ ഡാറ്റ ചോർത്തൽ നടന്നതെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. മുഖ്യമന്ത്രി അറിയാതെ ഇത്തരത്തിൽ ചോർത്തൽ നടക്കില്ലെന്ന് പറഞ്ഞ അദ്ദേഹം, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടിയായി നിയോഗിക്കപ്പെട്ട ശ്രീറാം സാംബശിവ റാവുവാണ് കത്തയച്ചതെന്നും വെളിപ്പെടുത്തി.

YouTube video player