മേയർ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യം വി വി രാജേഷ് മുഖ്യമന്ത്രിയെ വിളിക്കുകയും, പിന്നീട് മുഖ്യമന്ത്രി തിരിച്ചുവിളിക്കുകയായിരുന്നു. കൊടുങ്ങാനൂർ വാർഡിൽ നിന്ന് വിജയിച്ച വി.വി. രാജേഷിനെ ചർച്ചകൾക്കൊടുവിലാണ് പാർട്ടി മേയർ സ്ഥാനത്തേക്ക് തീരുമാനിച്ചത്.
തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്രത്തിലാദ്യമായി ഭരണം പിടിച്ച ബിജെപിയുടെ, മേയർ സ്ഥാനാർത്ഥി വി.വി. രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ ആശംസകൾ അറിയിച്ചു. ഇന്ന് മേയർ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നേ വി വി രാജേഷ് മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കുകയായിരുന്നു. മുഖ്യമന്ത്രി ഫോണിലൂടെ വി വി രാജേഷിന് ആശംസ അറിയിച്ചു.
കൊടുങ്ങാനൂർ വാർഡിൽ നിന്ന് വിജയിച്ച വി.വി. രാജേഷിനെ ദീർഘനാളത്തെ ചർച്ചകൾക്കൊടുവിലാണ് പാർട്ടി മേയർ സ്ഥാനത്തേക്ക് തീരുമാനിച്ചത്. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പേരും പരിഗണനയിലുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ പരിചയം മുൻനിർത്തി രാജേഷിന് നറുക്കുവീഴുകയായിരുന്നു. ആശാ നാഥാണ് ബിജെപിയുടെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി.
ശ്രീലേഖ അതൃപ്തിയിൽ
കോർപ്പറേഷൻ മേയർ സ്ഥാനം അവസാന നിമിഷം കൈവിട്ടുപോയതിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖ കടുത്ത അതൃപ്തിയിൽ. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുകയും മികച്ച വിജയം നേടുകയും ചെയ്ത ശ്രീലേഖയെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ തന്നെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രചരിച്ചിരുന്നു. അവസാന നിമിഷം വരെയും മേയറായേക്കുമെന്ന പ്രതീക്ഷ വെച്ചാണ് അവസാനം വിവി രാജേഷിനെ മേയറാക്കാനുള്ള തീരുമാനമായത്. എന്നാൽ അവസാന ഘട്ടത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും പാർട്ടി തീരുമാനങ്ങളും തിരിച്ചടിയായതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. തന്റെ അതൃപ്തി അവർ പാർട്ടിയെ നേരിട്ട് അറിയിച്ചതായാണ് സൂചന. ശ്രീലേഖയുടെ അതൃപ്തി പരിഗണിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം അടിയന്തരമായി വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്. മുതിർന്ന കേന്ദ്ര നേതാക്കൾ നേരിട്ട് ശ്രീലേഖയുമായി സംസാരിക്കുമെന്നാണ് വിവരം. ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പാർട്ടിയുടെ മുഖമായിരുന്ന ശ്രീലേഖയുടെ അതൃപ്തി ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്ന വിലയിരുത്തലിലാണ് കേന്ദ്രം നേരിട്ട് അനുനയ ചർച്ചകൾക്ക് മുൻകൈ എടുക്കുന്നത്.


