തിരുവനന്തപുരം കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ കണ്ണമ്മൂല വാർഡിലെ സ്വതന്ത്ര അംഗം പാറ്റൂർ രാധാകൃഷ്ണൻ എൻഡിഎ സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു. 

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചത് വികസനം മാത്രം മുന്നിൽ കണ്ടെന്ന് പാറ്റൂർ രാധാകൃഷ്ണൻ. മേയർ സ്ഥാനാർത്ഥി വി.വി. രാജേഷിനും ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി ആശാ നാഥിനും പിന്തുണ നൽകുമെന്ന് കണ്ണമ്മൂല വാർഡിൽ നിന്ന് സ്വതന്ത്രനായി വിജയിച്ച എം. രാധാകൃഷ്ണന്റെ ഇലക്ഷൻ കമ്മിറ്റി ഔദ്യോഗികമായി അറിയിച്ചു.

വാർഡിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ 'ഗ്രീൻ ഫ്ലോ കണ്ണമ്മൂല' എന്ന വികസന പത്രിക നടപ്പിലാക്കുമെന്ന ഉറപ്പിന്മേലാണ് ഈ തീരുമാനമെന്ന് ഇലക്ഷൻ കമ്മിറ്റി ചെയർപേഴ്സൺ ആശാ പിആറും ജനറൽ കൺവീനർ അഡ്വ. വിമൽ ജോസും വ്യക്തമാക്കി. വികസന പത്രിക എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾക്ക് രാധാകൃഷ്ണൻ നൽകിയിരുന്നു. പദ്ധതി പൂർണ്ണമായി നടപ്പിലാക്കാൻ പിന്തുണയ്ക്കുമെന്ന് എൻഡിഎ കേരള ചെയർമാൻ രാജീവ് ചന്ദ്രശേഖർ മാത്രമാണ് പരസ്യ പ്രസ്താവനയിലൂടെ സമ്മതിച്ചത്. ഇതാണ് എൻഡിഎ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ രാധാകൃഷ്ണനെ പ്രേരിപ്പിച്ചതെന്നും എം. രാധാകൃഷ്ണന്റെ ഇലക്ഷൻ കമ്മിറ്റി വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കി. 

ലക്ഷ്യം വാർഡിന്റെ വികസനം മാത്രം

മൂന്ന് പ്രധാന മുന്നണികളെയും പരാജയപ്പെടുത്തിയാണ് എം. രാധാകൃഷ്ണൻ സ്വതന്ത്രനായി വിജയിച്ചത്. അതുകൊണ്ടുതന്നെ സ്വന്തം വാർഡിന്റെ വികസനത്തിന് സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നവർക്ക് പിന്തുണ നൽകുക എന്നതാണ് തങ്ങളുടെ നയമെന്ന് അദ്ദേഹം വ്യക്തമാക്കി. "സ്വന്തം വാർഡിന്റെ വികസനം മാത്രമാണ് ലക്ഷ്യം. അതിന് സഹായകമാകുന്ന നിലപാട് സ്വീകരിക്കുന്നവരോട് പുറംതിരിഞ്ഞു നിൽക്കാൻ കഴിയില്ല. തലസ്ഥാന നഗരത്തിന്റെ വികസനത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നൽകണമെന്നതാണ് ഞങ്ങളുടെ നിലപാട്," എന്ന് ഇലക്ഷൻ കമ്മിറ്റി അറിയിച്ചു. നഗരസഭയിലെ കക്ഷിനിലയിൽ ഓരോ വോട്ടും നിർണ്ണായകമായിരിക്കെ, സ്വതന്ത്ര അംഗത്തിന്റെ ഈ തീരുമാനം എൻഡിഎ ക്യാമ്പിന് വലിയ ആശ്വാസമാണ് നൽകുന്നത്.