കണ്ണമ്മൂല വാർഡിൽനിന്ന് ജയിച്ച പാറ്റൂർ‍ രാധാകൃഷ്ണൻ മേയർ തെരഞ്ഞെടുപ്പിൽ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ബി ജെ പിക്ക് കേവല ഭൂരിപക്ഷമെന്ന ആശങ്ക അകന്നത്. 50 സീറ്റുകൾ നേരത്തെ തന്നെ സ്വന്തമാക്കിയ ബി ജെ പിക്ക് ഇതോടെ 51 അംഗങ്ങളുടെ പിന്തുണയായി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് ചരിത്ര വിജയം നേടിയ ബി ജെ പി ഒടുവിൽ കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. പതിമൂന്ന് ദിവസം നീണ്ട ചർച്ചകൾക്കൊടുവിൽ പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ബി ജെ പി കേവല ഭൂരിപക്ഷം ഉറപ്പിച്ചത്. കണ്ണമ്മൂല വാർഡിൽനിന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച കൗൺസിലറായ രാധാകൃഷ്ണൻ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ബി ജെ പിക്ക് കേവല ഭൂരിപക്ഷമെന്ന ആശങ്ക അകന്നത്. 50 സീറ്റുകൾ നേരത്തെ തന്നെ സ്വന്തമാക്കിയ ബി ജെ പിക്ക് ഇതോടെ 51 അംഗങ്ങളുടെ പിന്തുണയായി. 101 സീറ്റുകളുള്ള കോർപ്പറേഷനിൽ 51 സീറ്റായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. മേയർ സ്ഥാനാർഥിയായി വി വി രാജേഷിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ പ്രഖ്യാപിച്ചത്.

തലസ്ഥാനം ഭരിക്കാൻ വി വി രാജേഷ്

ഇന്ന് വൈകുന്നേരമാണ് തിരുവനന്തപുരം കോർപറേഷനിൽ ബി ജെ പി മേയർ സ്ഥാനാർത്ഥിയായി വി വി രാജേഷിനെ പ്രഖ്യാപിച്ചത്. ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന അടിയന്തര യോ​ഗത്തിന് ശേഷമായിരുന്നു തീരുമാനം. ആശാ നാഥ് ആണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ആണ് പ്രഖ്യാപനം നടത്തിയത്. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥികൾക്ക് മേയറാകുമെന്ന് കരുതപ്പെട്ടിരുന്ന ആർ ശ്രീലേഖ മധുരം നൽകി സന്തോഷം പങ്കുവെച്ചതും ശ്രദ്ധേയമായി. തലസ്ഥാനത്തെ ബി ജെ പിയുടെ മുഖമായ വി വി രാജേഷ്, ബി ജെ പി സംസ്ഥാന സെക്രട്ടറിയാണ്. കൊടുങ്ങാനൂർ കൗൺസിലറുമാണ് ഇദ്ദേഹം. കൗൺസിലറായി ഇത് രണ്ടാമൂഴമാണ്. ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചർച്ചകൾ പുരോഗമിച്ചിരുന്നതെങ്കിലും അവസാന നിമിഷം വലിയ ട്വിസ്റ്റാണ് ഉണ്ടായത്. ശ്രീലേഖയെ മേയർ ആക്കാനുള്ള നീക്കത്തെ പാർട്ടിയിലെ ഒരു വിഭാഗം ശക്തമായി എതിർത്തതോടെയാണ് തീരുമാനം മാറിമറി‌ഞ്ഞത്. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം ശ്രീലേഖ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കും എത്തില്ല എന്നാണ് വ്യക്തമാകുന്നത്. കൂടുതൽ വിജയ സാധ്യത കൂടുതൽ ഉള്ള സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം.

എതിർക്കാൻ ആ‌ർ പി ശിവജിയും ശബരിനാഥനും

തിരുവനന്തപുരം കോർപ്പറേഷനിൽ ഒറ്റയ്ക്ക് ഭരണം നേടാനുള്ള അംഗബലമില്ലെങ്കിലും മേയർ സ്ഥാനത്തേക്ക് എൽ ഡി എഫും യുപ ഡി എഫും മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മുൻ എം എൽ എ കൂടിയായ കെ എസ് ശബരീനാഥനാണ് മത്സരിക്കുത. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ടാവും. പുന്നക്കാമു​ഗൾ കൗൺസിലറും ജില്ലാ കമ്മിറ്റി അംഗവുമായ ആർ പി ശിവജി ആണ് എൽ ഡി എഫിന് വേണ്ടി പോരിനിറങ്ങുന്നത്. മത്സരിക്കാതെ മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് സി പി എം ജില്ലാ കമ്മിറ്റി, ശിവജിയെ രംഗത്തിറക്കിയത്.