കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുടുംബം. കേസ് അട്ടിമറിക്കാൻ കോളേജ് അധികൃതര്‍ ശ്രമിക്കുകയാണെന്നും അന്വേഷണത്തിലെ പലകാര്യത്തിലും വ്യക്തതയില്ലെന്നും കേസ് അന്വേഷണത്തിൽ തൃപ്തരല്ലെന്നും നിതിന്റെ സഹോദരി ഭര്‍ത്താവ് അശോക് കുമാര്‍ പറ
കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുടുംബം. കേസ് അട്ടിമറിക്കാൻ കോളേജ് അധികൃതര്‍ ശ്രമിക്കുകയാണെന്നും അന്വേഷണത്തിലെ പലകാര്യത്തിലും വ്യക്തതയില്ലെന്നും കേസ് അന്വേഷണത്തിൽ തൃപ്തരല്ലെന്നും നിതിന്റെ സഹോദരി ഭര്‍ത്താവ് അശോക് കുമാര്‍ പറഞ്ഞു. കോളേജ് പ്രിന്‍സിപ്പലിന്റെ മുറിയിൽ നിതിനെ ചോദ്യം ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കോളേജിന്റെ കൈവശമുള്ള സിസിടിവി ദൃശ്യങ്ങള്‍ എങ്ങനെയാണ് ചോര്‍ന്നതെന്നും ഇതിൽ അട്ടിമറി സംശയിക്കുന്നുണ്ടെന്നും അശോക് കുമാര്‍ പറഞ്ഞു.
നിതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ അധ്യാപകനായ ഡോ. റാമിനെ സഹായിക്കുന്നതിനായാണ് ഇപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ത്തിയത്. സന്തോഷവാനായിരുന്ന നിതിൻ വിഷമത്തിലായത് പ്രിന്‍സിപ്പലിന്റെ മുറിയിൽ നടന്ന സംഭവത്തിനുശേഷമാണ്. പ്രിന്‍സിപ്പൽ റൂമിൽ നടന്ന ടോര്‍ച്ചറാണ് മരണകാരണം. കോടതി വിചാരണയാണ് അവിടെ നടന്നത്. ലോണ്‍ ആപ്പ് ഭീഷണി ഉണ്ടായിരുന്നെങ്കിൽ അക്കാര്യം എന്തുകൊണ്ട് രക്ഷിതാക്കളോട് കോളേജ് അധികൃതര്‍ അറിയിച്ചില്ലെന്നും അശോക് കുമാര്‍ ചോദിച്ചു. ഒരു കോളേജ് പ്രിന്‍സിപ്പലും ചെയ്യേണ്ട കാര്യമല്ല ചെയ്തിരിക്കുന്നത്. എഫ്ഐആറിലെ പരാതിക്കാരൻ പ്രിന്‍സിപ്പലാണെന്നും പല കാര്യങ്ങളിലും വ്യക്തതയില്ലെന്നും അശോക് കുമാര്‍ പറഞ്ഞു.
അതേസമയം, നിതിൻ രാജിനെ ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് സംഘത്തിലെ മൂന്ന് പേർ അറസ്റ്റിലായി. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നാണ് പ്രതികളെ സൈബർ പൊലീസ് സംഘം പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും സിമ്മുകളും ഉപകരണങ്ങളും പിടിച്ചെടുത്തു. പ്രതികളെ കണ്ണൂരിലെത്തിച്ചു. ഇൻസ്റ്റന്റ് ഫണ്ട്സ് എന്ന ലോൺ ആപ്പ് നടത്തിപ്പുകാരാണ് അറസ്റ്റിലായ പ്രതികൾ. നിതിന്റെ മരണത്തിൽ അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് നിതിന്റെ മാതൃ സഹോദരനും, സഹോദരി ഭർത്താവുമാണ് ഡിജിപിയെ കണ്ടിരുന്നു. ഓൺലൈൻ വായ്പാസംഘത്തിന്റെ ഭീഷണിയും മരണകാരണം ആയെന്ന സംശയത്തിലാണ് പൊലീസ്. ജാതി അധിക്ഷേപത്തിന് പുറമേ നിതിൻ ഓൺലൈൻ വായ്പ സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിന്റെ നിർണായക ചാറ്റുകളടക്കം പൊലീസ് കണ്ടെത്തി. എന്നാല്‍, അന്വേഷണം ലോൺ ആപ്പിലേക്ക് കേന്ദ്രീകരിക്കുന്നത് കേസ് അട്ടിമറിക്കാനെന്നാണ് കുടുംബം ആരോപിക്കുന്നത്.
അടിയന്തരമായി 8000 ലധികം രൂപ അടയ്ക്കണമെന്ന് ലോൺ മാഫിയ സംഘം നിതിന്‍ സന്ദേശം ആയച്ചിരുന്നു. ഇതിന് മറുപടിയായി താൻ പാവമാണെന്നാണ് നിതിന്‍ അയച്ച ചാറ്റും പൊലീസ് ലഭിച്ചു. ഓൺലൈൻ വായ്പ സംഘം നിതിന്റെ അധ്യാപികക്കും ഭീഷണി സന്ദേശം അയച്ചെന്ന് പൊലീസ് പറയുന്നു. അധ്യാപികയെയും ലോൺ ആപ്പുകാർ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് അധ്യാപിക പ്രിൻസിപ്പിലിന് പരാതിയും നൽകി. നിതിൻ ആത്മഹത്യ ചെയ്ത ദിവസം പ്രിൻസിപ്പൽ നിധിനെ റൂമിലേക്ക് വിളിപ്പിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം, ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്തത് വീട്ടില്‍ അറിഞ്ഞാണെന്നും അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് പണം എടുത്തതെന്നും നിതിന്റെ അച്ഛന് മാധ്യമങ്ങളോട് പ്രതികരിച്ചു. ലോൺ മാഫിയയുടെ ഭീഷണിയെ കുറിച്ച് കോളേജ് അധികൃതര്‍ കുടുംബത്തെ അറിയിച്ചില്ലെന്നും നിതിന്റെ അച്ഛന് പറയുന്നു.



