തിരുവനന്തപുരം കോർപ്പറേഷനിലെ ഇലക്ട്രിക് ബസ് വിവാദത്തിൽ നിലപാടിലുറച്ച് മേയര്‍ വിവി രാജേഷ്. കോർപ്പറേഷന്‍റെ നിലപാടിൽ മാറ്റമില്ലെന്നും കെഎസ്ആര്‍ടിസി കരാര്‍ പാലിക്കാൻ തയ്യാറാകണമെന്നും മേയർ വിവി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഇലക്ട്രിക് ബസ് വിവാദത്തിൽ നിലപാടിലുറച്ച് മേയര്‍ വിവി രാജേഷ്. കോർപ്പറേഷന്‍റെ നിലപാടിൽ മാറ്റമില്ലെന്ന് മേയർ വിവി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കരാർ പാലിക്കുകയെന്നത് മാത്രമാണ് വിഷയത്തിൽ ശാശ്വത പരിഹാരമെന്നും അതിന് കെഎസ്ആർടിസി തയ്യാറാകണമെന്നും വിവി രാജേഷ് പറഞ്ഞു. കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്യും. പിന്നാലെ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും രേഖാമൂലം കത്ത് നൽകുമെന്നും വിവി രാജേഷ് പറഞ്ഞു. കരാർ പ്രകാരം അർഹമായ ലാഭവിഹിതം കോർപ്പറേഷന് കെഎസ്ആര്‍ടിസി നൽകണം. ത്രികക്ഷി കരാര്‍ ഇല്ലെങ്കിൽ അവർ പറയട്ടെ. കരാർ ഇല്ലെന്ന് ഗതാഗത വകുപ്പ് പറഞ്ഞാൽ തുടർനടപടി അപ്പോൾ ആലോചിക്കാമെന്നും ബസ് ഓടിക്കുന്നത് കോർപ്പറേഷന്‍റെ പണി അല്ലെന്നും വി വി രാജേഷ് പറഞ്ഞു.
സ്മാർട്ട് സിറ്റി പദ്ധതിയിൽ തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച ഇലക്ട്രിക് ബസുകൾ ബിജെപി അധികാരത്തിലെത്തിയതോടെയാണ് ചര്‍ച്ചയായത്. നഗരത്തിലെ ഇടറോഡുകളിലൂടെ ഉൾപ്പെടെ ഓടിയിരുന്ന 113 ബസുകൾ, ലാഭകരമല്ലെന്ന് വിലയിരുത്തി കെഎസ്ആർടിസി മറ്റ് സ്ഥലങ്ങളിലേക്ക് ഓടിക്കുകയാണ്. ഗതാഗതമന്ത്രി ഇടപെട്ടായിരുന്നു ഇങ്ങനെ റീ ഷെഡ്യൂൾ ചെയ്തത്. ഈ ബസുകൾ ഇനി നഗരത്തിനുളളിൽ ഓടിയാൽ മതിയെന്ന് മേയർ വി.വി.രാജേഷ് നിലപാട് എടുത്തതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. മറ്റ് ഡിപ്പോകൾക്ക് നൽകിയ ബസുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നാണ് കോര്‍പ്പറേഷന്‍റെ ആവശ്യം. കോർപ്പറേഷന് ലാഭവിഹിതം കെഎസ്ആർടിസി നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മേയർ നേരത്തെ വ്യക്തമാക്കിയിരുന്നു.
റൂട്ട് നിശ്ചയിക്കുന്നതിലടക്കം കരാര്‍ ലംഘനമുണ്ടെന്നും 2023 ഫെബ്രുവരി 21ന് തിരുവനന്തപുരം കോർപ്പറേഷനും സ്മാർട്ട് സിറ്റിയും കെഎസ്ആര്‍ടിസിയും തമ്മിൽ ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ പാലിക്കണമെന്നുമാണ് ഇന്നലെയും വിവി രാജേഷ് വ്യക്തമാക്കിയത്. കോർപ്പറേഷനുമായി ആലോചന ഇല്ലാതെയാണ് റൂട്ട് നിശ്ചയിക്കുന്നത്. ബസ് സര്‍വീസിലെ ലാഭ വിഹിതം നൽകുന്നതിലും വീഴ്ച്ചയുണ്ടെന്നും വിവി രാജേഷ് ആരോപിച്ചിരുന്നു. ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കരാർ ലംഘിച്ചതായുള്ള മുൻ മേയര്‍ ആര്യ രാജേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റും വിവി രാജേഷ് വാര്‍ത്താസമ്മേളനത്തിനിടെ ഇന്നലെ വായിച്ചിരുന്നു. നിരവധി ഇടറോഡുകളിൽ ബസ് ഇല്ലാത്ത പ്രശ്നം നിലവിലുണ്ട്.
കോര്‍പ്പറേഷൻ പരിധിയിലുള്ള ഗ്രാമീണ മേഖലയിലെ ഇടറോഡുകളിലടക്കം വാഹനസൗകര്യമില്ലാതെ ആളുകള്‍ ബുദ്ധിമുട്ടുന്നുണ്ട്. ഈ റോഡുകളിൽ ബസ് എത്തണം എന്നാണ് ആവശ്യം. കത്ത് നൽകിയാൽ 24 മണിക്കൂറിനുള്ളിൽ കോര്‍പ്പറേഷന് ബസുകള്‍ തിരികെ നൽകുമെന്നും കെഎസ്ആര്‍ടിസി 150 ബസുകള്‍ വെറെ ഇറക്കുമെന്നുമായിരുന്നു കെബി ഗണേഷ്‍കുമാറിന്‍റെ പ്രതികരണം. മന്ത്രിയുടെ ഈ പ്രതികരണത്തിനിടെയാണ് കരാര്‍ പാലിക്കണമെന്ന ഉറച്ച നിലപാടുമായി മേയര്‍ വിവി രാജേഷ് മുന്നോട്ടുപോകുന്നത്. കോര്‍പ്പറേഷന് ബസ് തിരിച്ചു വാങ്ങേണ്ട ആവശ്യമില്ലെന്നും ബസ് കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ മാത്രമേയിടുവെന്ന വാശി ഒന്നുമില്ലെന്നും കോർപ്പറേഷന് ഇഷ്ട്ടം പോലെ സ്ഥലം ഉണ്ടെന്നുമായിരുന്നു മന്ത്രിയുടെ വെല്ലുവിളിയോട് വിവി രാജേഷ് ഇന്നലെ പ്രതികരിച്ചത്.



