ഫരീദാബാദ് കൂട്ടബലാത്സംഗത്തിലെ അതിജീവിതയ്ക്ക് ഗുരുതര പരിക്കെന്ന് ഡോക്ടർമാർ. ഒരു കണ്ണ് പൂർണ്ണമായി തകർന്ന സാഹചര്യമാണ്
ദില്ലി: ഫരീദാബാദ് കൂട്ടബലാത്സംഗത്തിലെ അതിജീവിതയ്ക്ക് ഗുരുതര പരിക്കെന്ന് ഡോക്ടർമാർ. ഒരു കണ്ണ് പൂർണ്ണമായി തകർന്ന സാഹചര്യമാണ്. കൂടാതെ തലയ്ക്കും കാര്യമായ പരിക്കുണ്ട്. പീഡനം എതിർത്തപ്പോൾ യുവതിയെ പ്രതികൾ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ട് ഉണ്ടായ പരിക്കുകളുമുണ്ട്. ജീവന് ഭീഷണിയില്ലെങ്കിലും ആരോഗ്യ നിലയിൽ പ്രശ്നങ്ങളുണ്ട് എന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. സംഭവത്തില്‍ പ്രതികൾ ഉപയോഗിച്ച വാൻ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ വിഷയം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്. സംഭവത്തിന് പിന്നാലെ ഹരിയാനയിലെ ക്രമസമാധാനം തകർന്നെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇന്നലെയാണ് ഓടുന്ന വാനിലേക്ക് വലിച്ചുകയറ്റി യുവതിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്.
തിങ്കളാഴ്ച രാത്രി സെക്ടര്‍ 23ലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങി വരവേ യുവതി കല്യാണ്‍പുരിയിലെ മെട്രോ ചൗക്കിലേക്ക് വാഹനം കാത്തുനില്‍ക്കുമ്പോഴാണ് സംഭവം. വാനിലെത്തിയ ഇരുവര്‍ സംഘം യുവതിയോട് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞു. തുടര്‍ന്ന് ഗുരുഗ്രാമിലേക്ക് വാഹനമെടുക്കുകയും ഒരു കുന്നിന്റെ ഭാഗത്ത് വെച്ച് യുവതിയെ അക്രമികൾ പീഡിപ്പിക്കുകയുമായിരുന്നു. ഓടിക്കൊണ്ടിരുന്ന വാനില്‍ വെച്ചും യുവതിയെ പ്രതികൾ ബലാത്സംഗം ചെയ്തതു. ബലാത്സംഗത്തിന് ശേഷം യുവതിയെ അക്രമികൾ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഏകദേശം രണ്ടര മണിക്കൂറുകളോളമാണ് പ്രതികൾ യുവതിയുമായി വാനിൽ സഞ്ചരിച്ചത്. ഒടുവിൽ പുലർച്ചെ മൂന്ന് മണിയോടെ എസ്ജിഎം നഗറിലെ രാജ ചൗക്കിന് സമീപത്തുവെച്ചാണ് യുവതിയെ വാനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ സ്ത്രീയുടെ മുഖത്ത് രക്തസ്രാവമുണ്ടായിരുന്നു. യുവതി തന്റെ സഹോദരിയെ പലതവണ വിളിച്ചെങ്കിലും ആദ്യം ഫോൺ കണക്ടായിരുന്നില്ല. പിന്നീട് അവർ തിരികെ വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. തുടർന്ന് കുടുംബാംഗങ്ങൾ സ്ഥലത്തെത്തി ഗുരുതരാവസ്ഥയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ മുഖത്ത് 12 സ്റ്റിച്ചുകളുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.



