ഗുരുതര രോഗപരിരക്ഷാ ക്ലെയിം നിരസിച്ച ഇൻഷുറൻസ് കമ്പനിക്ക് തിരിച്ചടി. ഹർജിക്കാരന് 33 ലക്ഷം രൂപ 8% പലിശ സഹിതം നൽകാൻ എറണാകുളം സ്ഥിരം ലോക് അദാലത്ത് ഉത്തരവിട്ടു. പോളിസി എടുക്കും മുൻപ് രോഗമുണ്ടായിരുന്നുവെന്ന കമ്പനിയുടെ വാദം തള്ളിയാണ് കോടതിയുടെ നിർണായക വിധി.

കൊച്ചി: ഗുരുതര രോഗപരിരക്ഷ ഇന്‍ഷുറന്‍സ് പോളിസി പ്രകാരം ക്ലെയിം ലഭിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ നിരസിച്ച നടപടി പുനപരിശോധിച്ച് 33 ലക്ഷം രൂപ 8% പലിശസഹിതം നല്‍കാന്‍ ഉത്തരവിട്ട് എറണാകുളം സ്ഥിരം ലോക് അദാലത്ത്. മാക്സ് ബൂപാ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയോടാണ് നിർദേശം. അങ്കമാലി മേക്കാട് അരീക്കല്‍ പോളി ഏലിയാസ് സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഡോ. സലീന വി. ജി നായര്‍ ചെയര്‍പേഴ്സണും, ഷാനവാസ് ടി.കെ അംഗവുമായുള്ള അദാലത്തിന്‍റെ ഉത്തരവ്. ഫെഡറല്‍ ബാങ്കില്‍ നിന്നും എടുത്ത ഭവന വായ്പക്ക് ഉറപ്പിനായി ബാങ്ക് ഏര്‍പ്പെടുത്തിയതായിരുന്നു ഇന്‍ഷുറന്‍സ് പരിരക്ഷ. വായപക്കാര്‍ക്ക് ഗുരുതര രോഗം ഉണ്ടായാല്‍ പരിരക്ഷ ഉറപ്പാക്കുന്നതായിരുന്നു പോളിസി മാനദണ്ഡങ്ങൾ.

എന്നാൽ, ഹൃദ്രോഗബാധയെ തുടര്‍ന്ന് ചികിത്സയ്ക്ക് വിധേയനായ ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച ക്ലെയിം അപേക്ഷ പോളിസി എടുക്കുന്നതിന് മുമ്പു തന്നെ ഹര്‍ജിക്കാരന് അധിക കൊളസ്ട്രോള്‍ ഉണ്ടായിരുന്നുവെന്നും ഇത് പ്രപ്പോസല്‍ ഫോമില്‍ മറച്ചുവച്ചെന്നാരോപിച്ചാണ് ക്ലെയിം നിരസിച്ചത്. എന്നാല്‍ പ്രപ്പോസല്‍ ഫോമില്‍ കൊളസ്ട്രോള്‍ സംബന്ധമായ ചോദ്യാവലി ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം നിലനിര്‍ക്കതക്കതല്ലെന്നുള്ള ഹര്‍ജിക്കാരന്‍റെ വാദം. ഇത് അംഗീകരിച്ച കോടതി ക്ലെയിം നിരസിച്ച നടപടി കമ്പനിയുടെ ഭാഗത്തുനിന്നുള്ള സേവന പോരായ്മയാണെന്ന് നിരീക്ഷിച്ചു. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. ടോം ജോസ് ആണ് ഹാജരായത്.