മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു. 75 വയസ്സായിരുന്നു. കടുത്തുരുത്തി എംഎൽഎ ആയിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കോട്ടയം: കടുത്തുരുത്തി മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു. ഇന്ന് പുലർച്ചെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കുറെ നാളുകളായി ചികിത്സയിലായിരുന്നു. കേരള കോൺഗ്രസിലൂടെയാണ് പിഎം മാത്യു രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. 1991ലാണ് കടുത്തുരുത്തിയിൽ നിന്ന് പി എം മാത്യു കേരള നിയമസഭയിൽ എത്തിയത്. 96ൽ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ പ്രഥമ ചെയർമാൻ ആയിരുന്നു. കെ എസ് സി, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് സ്ഥാനം വഹിച്ചിട്ടുണ്ട്. കേരള കോൺഗ്രസിന്റെ ഏറ്റവും ഒടുവിലെ പിളർപ്പിൽ പി ജെ ജോസഫിന് ഒപ്പം ആയിരുന്നു പി എം മാത്യു. അടുത്തിടെ രൂപീകരിച്ച നാഷണൽ ഫാർമേഴ്സ് പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനവും വഹിച്ചു. ആരോഗ്യ പ്രശ്നങ്ങൾ തുടർന്ന് പൊതു രാഷ്ട്രീയ സംഘടന രംഗത്ത് സജീവമായിരുന്നില്ല. പാലായിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വൈകിട്ട് കടുത്തുരുത്തി അരുണാശേരിയിലെ വീട്ടിലെത്തിക്കും. നാളെ ഉച്ചകഴിഞ്ഞ് കടുത്തുരുത്തി സെൻമേരിസ് പള്ളിയിലാണ് സംസ്കാരം.


