ശബരിമല സ്വർണക്കൊള്ളയിൽ എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റേതെന്ന് മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ. സഖാവ് പറഞ്ഞു, താൻ ഒപ്പിട്ടെന്നാണ് വിജയകുമാറിന്റെ മൊഴി. റിമാൻഡ് റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റേതെന്ന് മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ. സഖാവ് പറഞ്ഞു, താൻ ഒപ്പിട്ടെന്നാണ് വിജയകുമാറിന്റെ മൊഴി. സ്വർണപ്പാളി പുതുക്കുന്ന കാര്യം ബോർഡ് യോഗത്തിൽ പത്മകുമാർ പറഞ്ഞപ്പോൾ മറ്റൊന്നും വായിക്കാതെ ഒപ്പിട്ടെന്നുമാണ് വിജയകുമാർ എസ്ഐടിയെ അറിയിച്ചത്. റിമാൻഡ് റിപ്പോർട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റെതായിരുന്നു. തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിനറയാം. സഖാവ് പറഞ്ഞതുകൊണ്ട് ഞാൻ ഒപ്പിടുകയാണ് ചെയ്തത്. സ്വർണപ്പാളി പുതുക്കുന്ന കാര്യം സഖാവ് ബോർഡിൽ പറഞ്ഞു. അദ്ദേഹത്തെ വിശ്വസിച്ച് മറ്റൊന്നും വായിക്കാതെ താൻ ഒപ്പിട്ടു. ഇനിയും പുറത്തു നിന്നാൽ സർക്കാരിന് നാണക്കേടായതുകൊണ്ടാണ് കീഴടങ്ങിയതെന്നുമാണ് വിജയകുമാറിൻ്റെ മൊഴി.

ഔദ്യോഗിക കൃത്യനിർവഹണത്തിൻ മുൻ ബോർഡ് അംഗം വിജയകുമാർ വീഴ്ച വരുത്തിയതായാണ് റിമാൻഡ് റിപ്പോർട്ട്. പോറ്റി ഉൾപ്പെടെ പ്രതികൾക്ക് അന്യായലാഭം ഉണ്ടാക്കാൻ കൂട്ടുനിന്നു. ബോർഡിന് നഷ്‌ടമുണ്ടാക്കിയെന്നും റിമാൻഡ് റിപ്പോർട്ടിൽ എസ്ഐടി പറയുന്നു. വിജയകുമാർ കട്ടിളപ്പാളി കേസിൽ 12ാം പ്രതിയും ദ്വാരപാലകശില്പ കേസിൽ 15-ാം പ്രതിയുമാണ്.

YouTube video player