ഇടുക്കിയിലെ ഇരട്ടയാർ പഞ്ചായത്തിൽ ഹരിത കർമ സേനാംഗമായിരുന്ന കെ എ രജനി പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 

ഇടുക്കി: മാലിന്യം വിറ്റ് കാശ് സമ്പാദിച്ചതിന് കേന്ദ്രമന്ത്രി നിർമല സീതാരാമന്‍റെ പ്രശംസ പിടിച്ചു പറ്റിയ ഇടുക്കിയിലെ ഇരട്ടയാർ പഞ്ചായത്തിൽ, ഹരിത കർമ സേനാംഗം തന്നെ പ്രസിഡന്‍റായി. യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച കെ എ രജനിയെയാണ് പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുത്തത്.

അഞ്ച് വർഷം മുൻപാണ് രജനി ഇരട്ടയാർ പഞ്ചായത്തിലെ 24 പേരടങ്ങുന്ന ഹരിത കർമ സേനയിലെ അംഗമായത്. പഞ്ചായത്തിൽ എല്ലായിടത്തു നിന്നും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം ശേഖരിച്ച് തരംതിരിക്കുന്ന പണി ഇത്രയും കാലം വൃത്തിയായി ചെയ്തു. തെരഞ്ഞെടുപ്പിൽ നാലുമുക്ക് വാർഡിൽ രജനിയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കി. 264 വോട്ടുകൾക്കാണ് എതിർ സ്ഥാനാർത്ഥി സിപിഐയിലെ നിഷ അനീഷിനെ പരാജയപ്പെടുത്തിയത്.

പതിനഞ്ചിൽ ഒൻപത് വാർഡിലും ജയിച്ച് ഭരണം എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. ഇതോടെ രജനിയെ പ്രസിഡൻറാക്കാൻ യുഡിഎഫ് നേതൃത്വം തീരുമാനിച്ചു. അങ്ങനെ മുൻ പഞ്ചായത്ത് പ്രസിഡൻറിനെ തന്നെ തോൽപ്പിച്ച് രജനി പ്രസിഡൻറായി. തങ്ങളിലൊരാൾ പ്രസിഡൻറ് പദത്തിലെത്തിയപ്പോൾ ഹരിത കർമ സേനാംഗങ്ങൾക്കും അതിയായ സന്തോഷം. എന്നും പ്രസിഡന്‍റിനെ കാണാൻ കയറിയിറങ്ങിരുന്ന ഓഫീസിലെ കസേരയിൽ പ്രസിഡന്‍റായി ഇരിക്കാൻ കഴിഞ്ഞതിന്‍റെ അഭിമാനത്തിലാണ് രജനി. രജനിക്ക് അഭിനന്ദന പ്രവാഹമാണ്.

YouTube video player