കായംകുളം ലൈംഗിക അതിക്രമത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ പൊലീസ് മേധാവി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. പരാതിക്കാരിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും.
ആലപ്പുഴ: കായംകുളം ലൈംഗിക അതിക്രമത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ പൊലീസ് മേധാവി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. അതേസമയം, പരാതിക്കാരിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈമാറിയ സാഹചര്യത്തിലാണ് മൊഴി വീണ്ടും രേഖപ്പെടുത്തുന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ സിനിൽ സബാദിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. അതിജീവിതയുടെ രഹസ്യ മൊഴി മാവേലിക്കര മജിസ്ട്രേറ്റ് രേഖപ്പെടുത്തും. ഇതിനായി ആലപ്പുഴ സിജെഎം കോടതി മാവേലിക്കര മജിസ്ട്രേറ്റിന് നിർദേശം നൽകി.
ഏപ്രിൽ നാലിനാണ് കായംകുളത്ത് വച്ച് അപകടത്തിൽ പെട്ട യുവതിക്കുനേരെ ലൈംഗിക അതിക്രമം നടന്നത്. സംഭവത്തിൽ ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണ പുരോഗതിയില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നുമുള്ള യുവതിയുടെ പരാതി ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്. പിന്നാലെ ഡിജിപി ആലപ്പുഴ ജില്ലാ പോലിസ് മേധാവിയോട് റിപ്പോർട്ട് തേടുകയായിരുന്നു. എന്നാൽ കേസ് എടുക്കുന്നതിലും തുടർ നടപടികളിലും കായംകുളം പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രൻ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പരാതി ലഭിച്ചയുടൻ കേസെടുത്തെന്നും പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിലെ വിശദീകരണം. തുടർന്ന് കേസന്വേഷണം കായംകുളം എസ്എച്ച്ഓയിൽ നിന്ന് കായംകുളം ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു.
