നെടുങ്കണ്ടത്ത് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇളയമകൻ സജി റിമാൻഡിൽ. പച്ചടി സ്വദേശി മേരിക്കുട്ടിയെയും മകൻ റെജിയെയുമാണ് മേരിക്കുട്ടിയുടെ രണ്ടാമത്തെ മകൻ സജി കൊലപ്പെടുത്തിയത്.
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് അമ്മയേയും മൂത്ത സഹോദരനെയും കൊലപ്പെടുത്തിയ പ്രതി സജി റിമാൻഡിൽ. 14 ദിവസത്തേക്കാണ് സജിയെ നെടുങ്കണ്ടം കോടതി റിമാൻഡ് ചെയ്തത്. മെയ് നാലാം തീയതിക്ക് ശേഷം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പച്ചടി സ്വദേശി മേരിക്കുട്ടിയെയും മകൻ റെജിയെയുമാണ് മേരിക്കുട്ടിയുടെ രണ്ടാമത്തെ മകൻ സജി കൊലപ്പെടുത്തിയത്. സ്വത്ത് തർക്കത്തിൻ്റെയും വിവാഹം കഴിക്കുന്നതിനെ എതിര്ത്തതിൻ്റെയും പേരിലായിരുന്നു കൊലപാതകം എന്നാണ് പ്രതിയുടെ മൊഴി.
പച്ചടി സ്വദേശികളായ മേരിക്കുട്ടിയെയും മൂത്ത മകൻ റെജിയെയും കാണാതായ സംഭവത്തെക്കുറിച്ച് ഞായറാഴ്ചയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇത് അറിഞ്ഞയുടൻ ഇളയ മകൻ സജി വൈകിട്ടോടെ ഒളിവിൽ പോയി. വീടിന് സമീപത്തെ മലമുകളിലാണ് രണ്ട് ദിവസം കഴിച്ചു കൂട്ടിയത്. വീടിന് സമീപത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. രാവിലെ മുതൽ പൊലീസ് നായയെയും ഡ്രോണും ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ പറമ്പുകളഉം പാറപ്പുറവുമെല്ലാം അരിച്ചു പെറുക്കി. പിടിയിലാകുമെന്ന് മനസ്സിലായതോടെ 12 മണിയോടെ സജി മലയിറങ്ങി. ഇത് കണ്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി സജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വീട്ടിനുള്ളിൽ വെച്ച് സഹോദരനെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നുവെന്ന് സജി പൊലീസിനോട് സമ്മതിച്ചു. സജി ഒറ്റയ്ക്കാണ് രണ്ട് കൊലപാതകങ്ങളും നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സഹോദരൻ റെജിയെ മർദ്ദിച്ചും കഴുത്തിൽ തോർത്ത് മുറുക്കിയുമാണ് കൊന്നതെന്നും അമ്മ മേരിക്കുട്ടിയുടെ മുഖത്തിടിച്ചെന്നും ഭിത്തിയിലേക്കെറിഞ്ഞെന്നും പ്രതി പൊലീസിന് മൊഴി നല്കി. മൃതദേഹങ്ങൾ രണ്ട് ദിവസം ഗ്രീൻ നെറ്റിൽ പൊതിഞ്ഞുവെച്ചു. മൂന്നാം ദിവസം കുഴിച്ചിട്ടു. സംഭവത്തിന് ശേഷം സജി ദിവങ്ങളോളം വീട്ടിൽ തന്നെ കഴിയുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. 2018 ൽ സജിയുടെ പിതാവ് മാത്യുവിനെ കാണാതായ സംഭവത്തിലും പൊലീസ് തുടരന്വേഷണം നടത്തും.

