പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ രസകരമായ പോസ്റ്റുമായി മുൻ ഐ എ എസ് ഓഫീസർ കണ്ണൻ ഗോപിനാഥൻ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ സെൽഫ് ട്രോളുമായി മുൻ ഐ എ എസ് ഓഫീസർ കണ്ണൻ ഗോപിനാഥൻ. പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന് കണ്ണൻ ഗോപിനാഥൻ നേരത്തെ പറഞ്ഞിരുന്നു. നിലവിൽ കോൺഗ്രസ് നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ല. കുട്ടിക്കാലം മുതൽ പാലക്കാടുമായി ബന്ധമുണ്ടെന്നും കണ്ണൻ ​ഗോപിനാഥൻ പറയുകയുണ്ടായി. പിന്നാലെയാണ് ഫേസ് ബുക്കിലെ രസകരമായ പ്രതികരണം.

കണ്ണൻ ഗോപിനാഥന്‍റെ വാക്കുകൾ- "സ്ഥാനാർത്ഥിയാകുമോ ഇല്ലയോ എന്ന ഹൈപ്പിൻ്റെ ഇടയിൽ, പേരമ്മയുടെ വീട്ടിൽ രണ്ടു വോട്ട് ചോദിക്കാൻ പോയി. ആ നീ വന്നതു നന്നായി, അതിൻ്റെ മുകളിൽ കയറി കുറച്ചു ടൈൽസ് താഴോട്ട് എടുത്ത താടാ എന്ന് പേരമ്മ. ഏത് പഴുതിലൂടെയും നുഴഞ്ഞു കയറാൻ കഴിവുണ്ടോ എന്ന തെരഞ്ഞൈടുപ്പ് രാഷ്ട്രീയം ടെസ്റ്റ് ചെയ്യുകയായിരുന്നോ എന്നെനിക്കൊരു സംശയം ഇല്ലാതില്ല. അപ്പോ ആരുടെയെങ്കിലും വീട്ടിൽ ടൈൽസോ വിറകോ അങ്ങനെ എന്തെങ്കിലും ഇറക്കാനോ കയറ്റാനോ ഒക്കെ ഉണ്ടെങ്കിൽ പറഞ്ഞോ"

പോസ്റ്റിന് താഴെ രസകരമായ കമന്‍റുകൾ വന്നു. 'കിണറ്റിൽ ഇറങ്ങാൻ അറിയാമോ, പാത്രം കഴുകാൻ അറിയാമോ' എന്നെല്ലാമാണ് ചിലർ ചോദിക്കുന്നത്. അതേസമയം ഇത് കെസിക്ക് ഇട്ട് താങ്ങിയതല്ലേ എന്ന് വർണ്യത്തിൽ ആശങ്ക, കപ്പ വെന്തോ എന്ന് നോക്കാനറിയാമോ എന്നെല്ലാം ചോദിച്ചവരുമുണ്ട്. വേറെ ചിലർ ധൈര്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസിന്‍റെ ചതിക്കുഴിയിൽ വീഴരുതെന്ന് മുന്നറിയിപ്പും കമന്‍റുകളിൽ കാണാം.

സംസ്ഥാന രാഷ്ട്രീയത്തിലും പലതും ചെയ്യാനുണ്ടെന്ന് കണ്ണൻ ഗോപിനാഥൻ

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചു കൊണ്ടാണ് കണ്ണൻ ​ഗോപിനാഥൻ സിവിൽ സര്‍വീസിൽ നിന്ന് രാജിവെച്ചത്. പിന്നീട് കോണ്‍ഗ്രസിൽ ചേരുകയായിരുന്നു. കഴിഞ്ഞ വർഷം ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കണ്ണൻ ഗോപിനാഥൻ കോൺ​ഗ്രസ് അംഗത്വം സ്വീകരിച്ചത്. തെറ്റുകള്‍ക്കെതിരെയായിരുന്നു തന്‍റെ യുദ്ധമെന്നും ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് നിരവധി പേരുമായി സംസാരിച്ചുവെന്നും കോണ്‍ഗ്രസാണ് ഒരു ബദലായി തോന്നിയതെന്നും അംഗത്വം സ്വീകരിച്ചശേഷം കണ്ണൻ ഗോപിനാഥൻ പ്രതികരിച്ചിരുന്നു. ഭീഷണികളെ തുടർന്നും ഭയപ്പെടില്ലെന്നും ഐഎഎസ് പദവി രാജിവച്ചത് എംഎൽഎയാകാനല്ലെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞിരുന്നു.

ദേശീയ രാഷ്ട്രീയത്തിൽ മാത്രമല്ല സംസ്ഥാന രാഷ്ട്രീയത്തിലും പലതും ചെയ്യാനുണ്ടെന്നാണ് കണ്ണൻ ​ഗോപിനാഥന്‍റെ പ്രതികരണം. കണ്ണൻ ​ഗോപിനാഥൻ പാലക്കാട് മത്സരിക്കുമെന്നാണ് അഭ്യൂഹം. നിലവിൽ കോൺ​ഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലാണ് പാലക്കാട്ടെ എംഎൽഎ.