ദേശീയ ആസ്ഥാനത്ത് പ‍ഞ്ചവാദ്യവും താലപ്പൊലിയുമായാണ് സംഘത്തെ സ്വീകരിച്ചത്. നാളെ വൈകീട്ട് സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും. തിരുവനന്തപുരം മേയർ വിവി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വൻ വരവേൽപ്പാണ് ദില്ലിയിൽ ഒരുക്കിയത്

ദില്ലി: കേരളത്തിൽനിന്നുള്ള ബിജെപി കൗൺസിലർമാരുടെ സംഘം ദേശീയ അധ്യക്ഷൻ നിതിൻ നവീനുമായി കൂടിക്കാഴ്ച്ച നടത്തി. ദേശീയ ആസ്ഥാനത്ത് പ‍ഞ്ചവാദ്യവും താലപ്പൊലിയുമായാണ് സംഘത്തെ സ്വീകരിച്ചത്. നാളെ വൈകീട്ട് സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും.

തിരുവനന്തപുരം മേയർ വിവി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വൻ വരവേൽപ്പാണ് ദില്ലിയിൽ ഒരുക്കിയത്. ഉച്ചയ്ക്ക് റെയിൽവേ സ്റ്റേഷനിലും രാത്രി പാർട്ടി ആസ്ഥാനത്തും ദില്ലി മലയാളികളടക്കമുള്ള ബിജെപി പ്രവർത്തകർ വരവ് ആഘോഷമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തുടർ പ്രവർത്തനങ്ങൾ എങ്ങനെ വേണമെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ കൂടിക്കാഴ്ച്ചയിൽ നിർദേശിച്ചത്. നാളെ വൈകീട്ട് നാല് മണിമുതൽ രണ്ട് മണിക്കൂറാണ് സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുക. മോദിയുടെ ലോക് കല്യാൺ മാർ​ഗിലെ ഔദ്യോ​ഗിക വസതിയിലാണ് കൂടികാഴ്ച. നാളെ രാവിലെ അമിത്ഷായുമായും കൂടിക്കാഴ്ച്ചയുണ്ട്. കേന്ദ്ര നഗരവികസന മന്ത്രി മനോഹർലാൽ ഖട്ടാർ നഗര വികസനത്തെകുറിച്ച് ക്ലാസെടുക്കും. ഉച്ചയ്ക്ക് പാർലമെന്റും സന്ദർശിക്കും. മറ്റന്നാൾ രാഷ്ട്രപതി ഭവൻ സന്ദർശിക്കും, ദില്ലി മുഖ്യമന്ത്രി രേഖ ​ഗുപ്തയെയും മറ്റ് ദേശീയ നേതാക്കളെയും കണ്ടാണ് മടങ്ങുക. തിരുവനന്തപുരത്തടക്കം തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച 115 ജനപ്രതിനിധികളാണ് സംഘത്തിലുള്ളത്. കൂടിക്കാഴ്ച്ചകളിൽ കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കുമെന്നും യാത്ര ധൂർത്താണെന്ന പ്രചാരണം കള്ളമെന്നും രാജേഷ് പ്രതികരിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിലെ വിജയവും, തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനവും ദേശീയ തലത്തിൽ ചർച്ചയാക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പടുക്കവേ ജന പ്രതിനിധികളിലൂടെ പ്രചാരണം കാര്യക്ഷമമാക്കുകയും ദില്ലി പ്രവാസിന്റെ ലക്ഷ്യമാണ്.

YouTube video player