കേരളത്തിലെ ആകെ സമുദ്രമത്സ്യ ലഭ്യത 6.24 ലക്ഷം ടണ്ണാണ്. മത്തിക്ക് പുറമെ, കിളിമീൻ, കണവ-കൂന്തൽ-നീരാളി ഇനങ്ങളുടെ ലഭ്യതയിലും വർധനവുണ്ടായി. എന്നാൽ, തിരിയാൻ, ചെമ്മീൻ, പാമ്പാട എന്നിവ കുറഞ്ഞു. അയല, കൊഴുവ, കിളിമീൻ, ചെമ്മീൻ എന്നിവയാണ് കേരളത്തിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യയിനങ്ങൾ.
കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 35.7 ലക്ഷം ടൺ സമുദ്ര മത്സ്യം. മുൻ വർഷത്തെക്കാൾ ഇന്ത്യയിലാകെ മൂന്ന് ശതമാനത്തിന്റെ വർധനവുണ്ടായതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) റിപ്പോർട്ട്. രാജ്യത്ത് ഏറ്റവുമധികം മത്സ്യം പിടിച്ചത് തമിഴ്‌നാടാണ്. 6.85 ലക്ഷം ടൺ. പ്രതികൂല കാലാവസ്ഥയും മത്സ്യബന്ധന നിരോധന കാലയളവ് നീട്ടിയതിനാലും ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് ശതമാനം വർധനവോടെ കേരളം മൂന്നാം സ്ഥാനം നിലനിർത്തി. കേരളത്തിൽ മത്തിയുടെ ലഭ്യത 13 ശതമാനം കൂടി കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയർന്ന ലഭ്യതയിലെത്തി. 1.68 ലക്ഷം ടണ്ണുമായി സംസ്ഥാനത്ത് ഏറ്റവുമധികം പിടിച്ച മത്സ്യവും മത്തിയാണ്.
2013ന് ശേഷമുള്ള ഏറ്റവും വലിയ ലഭ്യതയാണിത്. കഴിഞ്ഞ വർഷം 1.49 ലക്ഷം ടണ്ണായിരുന്നു. കേരളത്തിലെ ആകെ സമുദ്രമത്സ്യ ലഭ്യത 6.24 ലക്ഷം ടണ്ണാണ്. മത്തിക്ക് പുറമെ, കിളിമീൻ, കണവ-കൂന്തൽ-നീരാളി ഇനങ്ങളുടെ ലഭ്യതയിലും വർധനവുണ്ടായി. എന്നാൽ, തിരിയാൻ, ചെമ്മീൻ, പാമ്പാട എന്നിവ കുറഞ്ഞു. മത്തി കഴിഞ്ഞാൽ, അയല (62,269 ടൺ), കൊഴുവ (43,917 ടൺ), കിളിമീൻ (43,184 ടൺ), ചെമ്മീൻ (40,443 ടൺ) എന്നിവയാണ് കേരളത്തിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യയിനങ്ങൾ. ശക്തമായ മഴയും ചരക്കു കപ്പൽ അപകടവും കാരണം മെയ്, ജൂൺ മാസങ്ങളിൽ തെക്കൻ ജില്ലകളിൽ മത്സ്യബന്ധന ദിവസത്തിൽ കുറവുണ്ടായി. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മീൻ ലഭിച്ചത്. കൊല്ലം, കോഴിക്കോട് ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഹാർബറുകളിൽ കൊല്ലം ജില്ലയിലെ നീണ്ടകരയാണ് മുന്നിൽ. എറണാകുളം ജില്ലയിലെ മുനമ്പം രണ്ടാമതാണ്.
രാജ്യത്താകെ അയലയാണ് ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം (2.70 ലക്ഷം ടൺ). സമുദ്ര മ്‌ത്സ്യോൽപാദനത്തിൽ കർണാടകയിൽ 44 ശതമാനവും മഹാരാഷ്ട്രയിൽ 18 ശതമാനവും വർധനവ് രേഖപ്പെടുത്തി. അനുകൂലമായ പാരിസ്ഥിതിക ഘടകങ്ങളാണ് മത്തി പോലുള്ള ചെറിയ മീനുകൾക്ക് ഗുണകരമായതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിയന്ത്രിത രീതിയിലുള്ള മത്സ്യബന്ധനവും സഹായകരമായെന്നും അദ്ദേഹം പറഞ്ഞു. സമുദ്രമത്സ്യ മേഖലയിൽ നിന്നുള്ള വരുമാനത്തിലും വർധനയുണ്ടായി. ഇന്ത്യയിലാകെ ലാൻഡിംഗ് സെന്ററുകളിൽ 69,254 കോടി രൂപയും (10.45 ശതമാനം വർധനവ്) ചില്ലറ വിപണിയിൽ 97,702 കോടി രൂപയും (8.43 ശതമാനം വർധനവ്) വിറ്റുവരവുണ്ടായി.
കേരളത്തിൽ ലാൻഡിംഗ് സെന്ററുകളിലെ മൂല്യം 12,665 കോടി രൂപയും (17.8% വർധനവ്), ചില്ലറ വിപണിയിലേത് 16,681 (11.1% വർധനവ്) കോടി രൂപയുമാണ്. വിപണന കാര്യക്ഷമതയിൽ കേരളം രാജ്യത്ത് ഒന്നാമതാണ് (72.83 ശതമാനം). സിഎംഎഫ്ആർഐയിലെ ഫിഷറി റിസോഴ്‌സസ് അസസ്‌മെന്റ്, ഇക്കണോമിക്‌സ് ആന്റ് എക്സ്റ്റൻഷൻ വിഭാഗമാണ് വാർഷിക സമുദ്രമത്സ്യ ലഭ്യത കണക്കാക്കി റിപ്പോർട്ട് തയ്യാറാക്കിയത്. ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ്, വിവിധ ഗവേഷണ വിഭാഗം മേധാവികളായ ഡോ ജെ ജയശങ്കർ, ഡോ ശോഭ ജോ കിഴക്കൂടൻ, ഡോ കെ എസ് ശോഭന, ഡോ ജോസ്്‌ലീൻ ജോസ്, ഡോ വിവിആർ സുരേഷ്, ഡോ കൃപേഷ് ശർമ എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.


