കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച് കേരളത്തിൽ വേനൽ മഴ കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുന്നു. ഇന്നും മെയ് രണ്ടിനും ഏഴ് ജില്ലകളിലും മെയ് ഒന്നിന് നാല് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം: വേനൽ മഴ കൂടുതൽ ജില്ലകളിലേക്കെന്ന സൂചന നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഇന്നും മെയ് രണ്ടിനും ഏഴ് ജില്ലകളിലും മെയ് ഒന്നിന് നാല് ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് അറിയിപ്പ്. മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

മഴ മുന്നറിയിപ്പ്

30-04-2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

01-05-2026 : കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്

02-05-2026 : ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ

ജാഗ്രതാ നിർദേശങ്ങൾ

മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 40 - 50 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടു കഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടണം. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കണം തുടങ്ങിയവയാണ് ജാഗ്രതാ നിർദേശങ്ങൾ.