കൊടും ചൂടിൽ ആശ്വാസമായി കേരളത്തിൽ പലയിടത്തും വേനൽമഴ ലഭിച്ചെങ്കിലും, ഇടിമിന്നലും മരങ്ങൾ കടപുഴകി വീണതും അപകടങ്ങൾക്ക് കാരണമായി. കൊല്ലത്തും ചെങ്ങന്നൂരിലുമായി രണ്ടുപേർക്ക് ജീവൻ നഷ്ടമായി. വ്യാഴാഴ്ച മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

തിരുവനന്തപുരം: കൊടും ചൂടിൽ വെന്തുരുകിയ കേരളത്തിന് ആശ്വാസമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽ മഴയെത്തി. വിവിധ ജില്ലകളിൽ ഇന്ന് വൈകുന്നേരത്തോടെയാണ് ശക്തമായ വേനൽ മഴ ലഭിച്ചത്. എന്നാൽ വേനൽ മഴക്കൊപ്പമെത്തിയ ഇടിമിന്നലും മരങ്ങൾ കടപുഴകി വീണതും പലയിടത്തും അപകടം വിതച്ചു. പല ജില്ലകളിലും കാര്യമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊല്ലത്ത് കനത്ത മഴയിൽ എണ്ണപ്പന വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം സംഭവിച്ചതും ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചതും വേദനയായി. കൊല്ലം ചിതറ ഓയിൽ പാം എസ്റ്റേറ്റിലെ കാടുവെട്ടാൻ കരാർ ജോലിക്ക് എത്തിയ മുപ്പത്തിയേഴുകാരി സരിതക്കാണ് ജീവൻ നഷ്ടമായത്. ചെങ്ങന്നൂരിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന ആസിഫ് അഷ്റഫാണ് ഇടിമിന്നലേറ്റ് മരണപ്പെട്ടത്. പുത്തൻകാവ് പളളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായി. അടുത്ത മാസം വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടം.

തൃശൂരിൽ 4 കുട്ടികൾക്ക് ഇടിമിന്നലേറ്റു

തൃശൂർ വെങ്ങിണിശ്ശേരിയിയിൽ കളിക്കുന്നതിനിടെ 4 കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്കേറ്റു. ക്രിക്കറ്റ് കളിക്കുന്നത്തിനിടെ വൈകിട്ട് 5.30 ഓടെയാണ് കുട്ടികൾക്ക് ഇടിമിന്നലേറ്റത്. പത്തിലേറെ കുട്ടികൾ കളിക്കാൻ ഉണ്ടായിരുന്നു. ഇതിൽ ജിഷ്ണു, ശിവകൃഷ്ണ, അക്ഷര, സച്ചു എന്നീ കുട്ടികൾക്കാണ് പരിക്കേറ്റത്. പത്തിനും 15നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഇവർ. ഇതിൽ ശിവകൃഷ്ണയ്ക്ക് കാലിന് കാര്യമായി പൊള്ളലേറ്റു. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ദയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ കോന്നിയിൽ ഇടിമിന്നലേറ്റ് 64 കാരന് പരുക്കേറ്റിരുന്നു. കോന്നി ഇളകൊള്ളൂർ സ്വദേശി രാധാകൃഷ്ണനാണ് പരിക്കേറ്റത്. മിന്നലേറ്റുള്ള വീഴ്ചയിൽ ബോധം പോവുകയും, കൈക്ക് പൊട്ടലുമേറ്റു. കോന്നി മെഡിക്കൽ കോളേജിൽ രാധാകൃഷ്ണൻ ചികിത്സ തേടി. ഇതിനിടെ പെരുങ്കടവിളയിലും ഇടിമിന്നൽ നാശം വിതച്ചു. പെരുങ്കടവിള സ്വദേശി ബൈജുവിന്റെ വീട്ടിൽ ഇടിമിന്നലേറ്റ് ഗൃഹോപകരണങ്ങൾ നശിച്ചു. വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. വലിയ ശബ്ദത്തോടെ വൈദ്യുത ഗൃഹോപകരണങ്ങൾ പൊട്ടിത്തെറിച്ചു. വീട്ടിലെ ഫ്രിഡ്ജ്, ടി വി മുതലായ ഉപകരണങ്ങൾ കേടായി. സ്വിച്ച് ബോർഡുകൾ ഇളകി തെറിച്ചു. വീടിന്‍റെ ചുവരിൽ വിള്ളലുകളുണ്ടായിട്ടുണ്ട്.

വ്യാഴാഴ്ച മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

വരും ദിവസങ്ങളിൽ വേനൽ മഴ കൂടുതൽ ശക്തമാകുമെന്നും വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

YouTube video player