ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദീപ്തിയുടെ പിന്തുണ. മേയർ സ്ഥാനം കൈവിട്ട് പോയതിന് പിന്നാലെ കടുത്ത അതൃപ്തിയിലായിരുന്നു ദീപ്തി മേരി വർഗീസ്. ഇനി മേയർ സ്ഥാനത്തേക്കില്ലെന്നായിരുന്നു ദീപ്തിയുടെ നിലപാട്.
കൊച്ചി: കൊച്ചി മേയർ സ്ഥാനവുമായി ബന്ധപ്പെട്ട് പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്. മേയർ സ്ഥാനത്തേക്ക് പാർട്ടി തീരുമാനിച്ച വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയർപ്പിച്ച് കൊണ്ട് ദീപ്തി രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദീപ്തിയുടെ പിന്തുണ. മേയർ സ്ഥാനം കൈവിട്ട് പോയതിന് പിന്നാലെ കടുത്ത അതൃപ്തിയിലായിരുന്നു ദീപ്തി മേരി വർഗീസ്. ഇനി മേയർ സ്ഥാനത്തേക്കില്ലെന്നായിരുന്നു ദീപ്തിയുടെ നിലപാട്.
കൊച്ചി മേയർ ആകാം എന്ന് കരുതിയല്ല താൻ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയതെന്നും കെപിസിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു എന്ന പരാതി തനിക്കുണ്ടെന്നും ദീപ്തി മേരി വർഗീസ് ഇന്നലെ പ്രതികരിച്ചിരുന്നു. കൂടുതൽ കൗൺസിലർമാരുടെ പിന്തുണ തനിക്ക് ഉണ്ടായിരുന്നു. എന്നാൽ രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം നിരസിക്കപ്പെട്ടു. തുല്യ വോട്ടുകൾ വന്നാൽ രണ്ടു ടേം വേണമെന്നായിരുന്നു കെപിസിസി നിർദേശം. എന്നാൽ കൂടുതൽ വോട്ടുകൾ കിട്ടിയെന്ന് പറയുന്ന ആളല്ല മേയറായത്. ഒരു സ്ഥാനവും ആരും തനിക്ക് വാഗ്ദാനം ചെയ്തിട്ടില്ല. അങ്ങനെ സ്ഥാനം പ്രതീക്ഷിച്ച് പാർട്ടിയിൽ നിൽക്കുന്ന ആളല്ല താൻ. രാഷ്ട്രീയപ്രവർത്തനവും സംഘടനാ ചുമതലകളുമായി മുന്നോട്ടു പോകുമെന്നും ദീപ്തി മേരി വർഗീസ് പ്രതികരിച്ചു.
അതേസമയം, മേയര്‍ സ്ഥാനത്തെ ചൊല്ലി ഉയര്‍ന്ന അഭിപ്രായ ഭിന്നതയില്‍ പുകയുകയാണ് കോണ്‍ഗ്രസ്. ദീപ്തി മേരി വര്‍ഗീസിന് മേയര്‍ സ്ഥാനം നിഷേധിച്ച നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് എറണാകുളം ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍. കെപിസിസി ജനറൽ സെക്രട്ടറി എംആര്‍ അഭിലാഷും ദീപ്തിയെ വെട്ടിയതില്‍ അതൃപ്തി പരസ്യമാക്കി. ദീപ്തി മേരി വർഗീസിനെ മേയർ സ്ഥാനത്തുനിന്ന് വെട്ടിയ നടപടിയിൽ പ്രതിപക്ഷ നേതാവിനെതിരെയാണ് എംആർ അഭിലാഷ് വിമർശനം ഉന്നയിച്ചത്. കെപിസിസി മാനദണ്ഡങ്ങൾ എന്തുകൊണ്ട് ലംഘിക്കപ്പെട്ടു എന്ന് പ്രതിപക്ഷ നേതാവും ഡിസിസി പ്രസിഡൻ്റും പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചിലരുടെ വ്യക്തി താൽപ്പര്യങ്ങളാണ് മേയർ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. കെപിസിസി ജനറൽ സെക്രട്ടറിക്ക് ദേശാഭിമാനി പത്രത്തിൻ്റെ വില പോലും നൽകിയില്ലെന്നും അഭിലാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.



