വ്യാഴാഴ്ചത്തെ കെ പി സി സി ഭാരവാഹി യോഗം മാറ്റി. പുന സംഘടനയെ ചൊല്ലിയുള്ള അതൃപ്തി നിലനിൽക്കുന്നതിനിടെ യോഗം മാറ്റി വച്ചത്. കെ പി സി സി സെക്രട്ടറിമാരെ നിയോഗിക്കാത്തതിൽ വിഷമം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ പറഞ്ഞിരുന്നു.

തിരുവനന്തപുരം: പുനസംഘടനയെ ചൊല്ലിയുള്ള അതൃപ്തിക്കിടെ വ്യാഴാഴ്ച ചേരാൻ നിശ്ചയിച്ചിരുന്ന കെപിസിസി യോഗം മാറ്റി. പുതിയ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും യോഗമാണ് മാറ്റിയത്. കെപിസിസി സെക്രട്ടറിമാരെ നിയോഗിക്കാത്തതിൽ വിഷമമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ പറഞ്ഞിരുന്നു. പ്രവര്‍ത്തനം തൃപ്തികരമല്ലാത്ത എട്ടു ഡിസിസി പ്രസിഡന്‍റുമാരെ മാറ്റണമെന്നും അദ്ദേഹം പുനസംഘടനാ ചര്‍ച്ചകളിൽ ആവശ്യപ്പെട്ടിരുന്നു. 

ഈ മാസം 30നകം തീരുമാനമെടുക്കാമെന്ന ധാരണക്കിടയാണ് കെപിസിസി ഭാരവാഹി യോഗം വിളിച്ചത്. പുനസംഘടനയിൽ കെ.മുരളീധരനും അതൃപ്തിയിലാണ്. കോഴിക്കോട് ഡിസിസി നാളെ നടത്തുന്ന ക്യാന്പിൽ പങ്കെടുത്ത ശേഷം എല്ലാവര്‍ക്കും തിരുവനന്തപുരത്ത് എത്താൻ കഴിയാത്ത സാഹചര്യം കൂടി കണക്കിലെടുത്താണ് യോഗം മാറ്റിയതെന്നാണ് കെപിസിസി വൃത്തങ്ങളുടെ വിശദീകരണം.