കുന്നംകുളം നഗരസഭയിൽ രാഷ്ട്രീയ അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് എൽഡിഎഫ് ഭരണം നിലനിർത്തി. സൗമ്യ അനിലൻ ചെയർപേഴ്സണായും പി.ജി. ജയപ്രകാശ് വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. കേവല ഭൂരിപക്ഷമില്ലെങ്കിലും 39 അംഗ കൗൺസിലിൽ 18 വോട്ടുകൾ നേടിയാണ് എൽഡിഎഫ് വിജയിച്ചത്.

തൃശൂര്‍: കുന്നംകുളത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് മൂന്നാം തവണയും എൽഡിഎഫ് ഭരണം തുടരും. ചെയര്‍പേഴ്‌സണായി സൗമ്യ അനിലനും വൈസ് ചെയര്‍മാനായി പി.ജി.ജയപ്രകാശും തെരഞ്ഞെടുക്കപ്പെട്ടു. 39 അംഗ കൗണ്‍സില്‍ കേവല ഭൂരിപക്ഷമില്ലെങ്കിലും ഒറ്റകക്ഷിയെന്ന നിലയില്‍ 18 വോട്ടുകള്‍ നേടിയാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വിമതയടക്കം 10 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ഏഴ് വോട്ടും ലഭിച്ചു. നാല് അംഗങ്ങളുള്ള ആര്‍.എം.പി ആര്‍ക്കും വോട്ട് ചെയ്തില്ല. കോണ്‍ഗ്രസിൽ നിന്ന് ചെയര്‍പേഴ്‌സൺ സ്ഥാനത്തേക്ക് മിഷ സെബാസ്റ്റ്യനും വൈസ് ചെയര്‍മാൻ സ്ഥാനത്തേക്ക് റോഷിത്ത് ഓടാട്ടും ബി.ജെ.പിയിൽ നിന്ന് ചെയര്‍പേഴ്‌സൺ സ്ഥാനത്തേക്ക് ഗീതാ ശശിയും വൈസ് ചെയര്‍മാനായി ശ്രീജിത്തും മത്സരിച്ചു.

ജില്ലാ മണ്ണുസംരക്ഷണ ഓഫിസര്‍ താരാ മനോഹറായിരുന്നു വരണാധികാരി. നഗരസഭാ സെക്രട്ടറി കെ.കെ. മനോജ്, എഞ്ചിനീയര്‍ ബിനായ് ബോസ് എന്നിവര്‍ വോട്ടടുപ്പിന് നേതൃത്വം നല്‍കി. കിഴൂര്‍ നോര്‍ത്ത് നാലാം വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറായ സൗമ്യ അനിലന്‍ കഴിഞ്ഞ കൗണ്‍സിലില്‍ വൈസ് ചെയര്‍പേഴ്‌സണായിരുന്നു. പാര്‍ട്ടി ഏരിയാ കമ്മറ്റിയംഗവും സിഐടിയു ഏരിയ ട്രഷറുമാണ് വൈസ് ചെയർമാനായ ജയപ്രകാശ്. 2000-2005-ല്‍ നഗരസഭാ ചെയര്‍മാനായിരുന്നു. 20 വര്‍ഷത്തിനുശേഷമാണ് വീണ്ടും പാര്‍ലിമെന്ററി പ്രവര്‍ത്തന മേഖലയിലേക്ക് ഇദ്ദേഹം കടന്നു വരുന്നത്. കിഴൂര്‍ സെന്റര്‍ അഞ്ചാം വാര്‍ഡില്‍ നിന്നുള്ള കൗൺസിലറാണ് ഇദ്ദേഹം.