തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയ രോഗി മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചു. ആലുവയിൽ നിന്ന് എത്തിച്ച നേപ്പാൾ സ്വദേശി സൂരജ് (31) ആണ് പുലർച്ചെ ഒന്നേമുക്കാലോടെ തടവ് ചാടിയത്
തൃശൂർ: തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയ രോഗി മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചു. ആലുവയിൽ നിന്ന് എത്തിച്ച നേപ്പാൾ സ്വദേശി സൂരജ് (31) ആണ് പുലർച്ചെ ഒന്നേമുക്കാലോടെ തടവ് ചാടിയത്. കോട്ടപ്പുറത്ത് വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിലേക്കാണ് ഇയാൾ ആദ്യം എത്തിയത്. വീട്ടുടമയായ മുരളി ചോദ്യം ചെയ്തതോടെ ഇയാൾ മുരളിയെ കുത്തി പരിക്കേൽപ്പിച്ചു. പിന്നാലെ പടിഞ്ഞാറെ കോട്ടയിൽ എത്തിയ സൂരജിനെ തടയാൻ ശ്രമിച്ച ബെന്നി വിൽസൺ, അജിത്ത് എന്നിവരെയും കുത്തിപ്പരിക്കേൽപ്പിച്ചിട്ടുണ്ട്. മൂന്നുപേരെയും ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല. സൂരജിനെ പിന്നീട് നാട്ടുകാരും പൊലീസ് ചേർന്ന് കീഴ്പ്പെടുത്തി. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
സംഭവത്തില്‍ ഹൈക്കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് പൊലീസിൽ നിന്ന് റിപ്പോർട്ട് തേടിയത്. രോഗി മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് അടക്കം വിശദമായ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കാനാണ് നിർദേശം.



