കോടതിയിൽ വേഗത്തിൽ സമർപ്പിക്കേണ്ടി വന്നത് പൊരുത്തക്കേടിനു കാരണം എന്ന് വാദം

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ വന്ന വാർത്തകൾ വേദനാജനകവും സത്യ വിരുദ്ധവുമാണെന്നും തികച്ചും അവാസ്തവമായ ചില പ്രചാരണങ്ങൾ നടക്കുന്നുവെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വാർത്താകുറിപ്പിൽ വ്യക്തമാക്കി. ദേവസ്വം ഓഡിറ്റ് റിപ്പോർട്ടിലോ, സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലോ മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചു എന്ന ഒരു പരാമർശവും ഇല്ല.

ആഗോള അയ്യപ്പ സംഗമത്തിന്റെ തുടക്കത്തിൽ ഒരു ഭജൻ അവതരിപ്പിക്കണമെന്ന നിർദേശം ഉയർന്നിരുന്നു. നന്ദഗോവിന്ദം ഭജൻസ് സംഘത്തെ സമീപിച്ചെങ്കിലും, അന്നേ ദിവസം മറ്റ് പരിപാടികൾ ഉണ്ടായതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചു. തുടർന്ന് പ്രശസ്ത സംഗീതജ്ഞനായ ഇഷാൻ ദേവ്നെ സമീപിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ 25-ലധികം കലാകാരന്മാരും 10-ലധികം ടെക്നീഷ്യൻമാരും ഉൾപ്പെടെ 35 പേർ പങ്കെടുത്ത മികച്ച സംഗീതാവിഷ്‌കാരമാണ് സംഘം അവതരിപ്പിച്ചത്. വിവിധ ട്രൂപ്പുകളെ ഏകോപിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഘത്തിന്റെ അഞ്ച് ദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്സൽ തുടങ്ങി എല്ലാ ചെലവുകളും ഉൾപ്പെടുത്തി 8 ലക്ഷം രൂപയാണ് ചെലവായത്.

നന്ദഗോവിന്ദം ഭജൻസ് സംഘത്തിന് തുക നൽകിയതായി ബോർഡിന്റെ ഓഡിറ്റർ റിപ്പോർട്ടിൽ പറയുന്നത് പിശകാണ്. ഇവന്റ് മാനേജ്മെന്റ് ഏജൻസി ദേവസ്വം ബോർഡിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന് സമർപ്പിച്ച സ്റ്റേറ്റ്മെന്റിൽ അശ്രദ്ധയായി ഉണ്ടായ പിശകാണ് നന്ദഗോവിന്ദം ഭജൻസ് പരിപാടി അവതരിപ്പിച്ചു എന്ന രീതിയിലുള്ള തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.

സ്പോൺസർഷിപ്പ് തുക ലഭിക്കുന്നതിൽ വൈകിവരുന്നത് പരിപാടിയുടെ നടത്തിപ്പിനെ ബാധിക്കാതിരിക്കാൻ, 2025-2026 ബഡ്ജറ്റിലെ Expenditure Head 2G – Supplies & Contingencies എന്ന ശീർഷകത്തിലെ ഉപശീർഷകമായ 21 – Religious Convention & Discourse എന്ന തലക്കെട്ടിൽ വകയിരുത്തിയിരുന്ന 5 കോടി രൂപ ആഗോള അയ്യപ്പ സംഗമത്തിനായി ധനലക്ഷ്മി ബാങ്കിൽ ആരംഭിച്ച പ്രത്യേക സേവിംഗ്സ് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. ആ അക്കൗണ്ടിൽ നിന്ന് 3 കോടി രൂപ IIIC-ക്ക് അഡ്വാൻസായി നൽകി. കൂടാതെ താമസസൗകര്യങ്ങൾക്കായി വിവിധ ഹോട്ടലുകൾക്ക് 12,76,440 രൂപയും, ജി.എസ്.ടി ഇനത്തിൽ 15,25,424 രൂപയും നൽകി.

വരവ്-ചെലവ് കണക്കുകൾ അന്തിമമായിട്ടില്ല. എന്നാൽ ഇതുവരെ ലഭിച്ച സ്പോൺസർഷിപ്പ് തുക മൂന്ന് കോടിയാണ്:

1. ധനലക്ഷ്മി ബാങ്ക് – ജി.എസ്.ടി ഒഴികെ 2 കോടി രൂപ

2. കേരള ബാങ്ക് – ജി.എസ്.ടി ഉൾപ്പെടുത്തി 1 കോടി രൂപ

ഇതിന് പുറമെ, Adani Group ഒരു കോടി രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലഭിച്ച മൂന്ന് കോടി രൂപ 17-10-2025-ന് ദേവസ്വം ബോർഡ് ജനറൽ ഫണ്ടിൽ നിക്ഷേപിച്ചു. അതിലൂടെ അഡ്വാൻസായി നൽകിയ കോർപ്പസ് ഫണ്ട് തിരിച്ചെത്തിയിട്ടുണ്ട്. പ്രത്യേക അക്കൗണ്ടിൽ പലിശ ഉൾപ്പെടെ 1,74,40,912 രൂപ അവശേഷിക്കുന്നു.ദേവസ്വം ഫണ്ടിൽ നിന്ന് എടുത്ത തുക തിരികെ നിക്ഷേപിച്ചിട്ടില്ലെന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്നും ദേവ്സവം ബോർഡ് വിശദീകരിച്ചു

കോടതി നിശ്ചയിച്ച സമയപരിധി പാലിക്കേണ്ടതിനാലാണ് ചാർട്ടേഡ് അക്കൗണ്ടന്റിന്റെ റിപ്പോർട്ട് കൂടുതൽ വിശദപരിശോധനയ്ക്കുമുമ്പ് സമർപ്പിക്കേണ്ടി വന്നത്. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ ന്യൂനതകൾ പരിഹരിച്ച് ബില്ലുകളുടെ ആധികാരികതയും സുതാര്യതയും ഉറപ്പാക്കിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ.ഈ മാസം 17-ന് ചേരുന്ന ബോർഡ് യോഗത്തിൽ വിഷയങ്ങൾ ചർച്ച ചെയ്ത് ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളും.