തൃശൂര്‍ മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം രാജിവച്ച് ബിജെപിക്കൊപ്പം ചേര്‍ന്നതിൽ കൂട്ട നടപടിയുമായി കോണ്‍ഗ്രസ്.ബിജെപി പാളയത്തിലെത്തിയ എട്ട് അംഗങ്ങള്‍ അടക്കം പത്തുപേരെ കോണ്‍ഗ്രസ് പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി

തൃശൂര്‍: തൃശൂര്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് വിമതയെ പ്രസിഡന്‍റാക്കിയ സംഭവത്തിൽ കൂട്ട നടപടിയുമായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. ബിജെപി പാളയത്തിലെത്തിയ എട്ട് അംഗങ്ങള്‍ അടക്കം പത്തുപേരെ കോണ്‍ഗ്രസ് പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി. തൃശൂര്‍ ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തിൽ എസ്‍ഡിപിഐ പിന്തുണയിൽ പ്രസിഡന്‍റായ എഎം നിധീഷിനെയും കോണ്‍ഗ്രസ് പുറത്താക്കി. തൃശൂര്‍ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റാണ് അംഗങ്ങളെ പുറത്താക്കികൊണ്ടുള്ള നടപടിയെടുത്തത്. മറ്റത്തൂരിൽ കോണ്‍ഗ്രസ് പാര്‍ട്ടിയിൽ നിന്ന് രാജിവെച്ച എട്ട് അംഗങ്ങളെയും ബിജെപിയൊടൊപ്പം ചേര്‍ന്ന് പ്രസിഡന്‍റായ കോണ്‍ഗ്രസ് വിമത ടെസി കല്ലറക്കലിനെയും അടക്കമാണ് പുറത്താക്കിയത്. ഇതോടൊപ്പം മറ്റത്തൂരിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കാൻ ശ്രമിച്ച കെ ആർ ഔസേപ്പിനെയും പുറത്താക്കി.

സുമ മാഞ്ഞുരാൻ, ടെസി കല്ലറയ്കക്കൽ, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ ടീച്ചര്‍, മിനി ടീച്ചര്‍, കെആര്‍ ഔസ്സേപ്പ്, ലിന്‍റോ പള്ളിപ്പറമ്പിൽ, നൂര്‍ജഹാൻ എന്നിവരെയാണ് പുറത്താക്കിയത്. തൃശൂര്‍ മറ്റത്തൂരില്‍ ജയിച്ച മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളെയും സ്വന്തം പാളയത്തിലെത്തിച്ചാണ് ബിജെപിയുടെ അട്ടിമറി നടന്നത്. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിനു സമാനമായിരുന്നു മറ്റത്തൂരിലെ ബിജെപിയുടെ 'ഓപ്പറേഷൻ താമര' നീക്കം. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജയിച്ച എട്ട് കോണ്‍ഗ്രസ് അംഗങ്ങളും ഒന്നിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. നാലു ബിജെപി അംഗങ്ങള്‍ക്കൊപ്പം രാജിവെച്ച കോണ്‍ഗ്രസുകാരും വോട്ടു ചെയ്തതോടെ കോണ്‍ഗ്രസ് വിമത ടെസി ജോസ് കല്ലറക്കല്‍ മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റായി. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ കോണ്‍ഗ്രസിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകളാണ് അട്ടിമറിക്ക് വഴിവച്ചത്. പിന്നാലെ പഞ്ചായത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറിയെയും മണ്ഡലം പ്രസിഡന്‍റിനെയും കോണ്‍ഗ്രസ് പുറത്താക്കി നടപടിയെടുത്തിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ രാജിവെച്ച എട്ട് അംഗങ്ങളെയും ടെസി ജോസ് കല്ലറക്കലിനെയുമടക്കം പുറത്താക്കികൊണ്ടുള്ള കോണ്‍ഗ്രസ് നടപടി.

അതേസമയം, ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. രണ്ട് എസ്ഡിപിഐ അംഗങ്ങള്‍ യുഡിഎഫിന് വോട്ടു ചെയ്തതോടെയാണ് ചൊവ്വന്നൂരില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. ഇവിടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റിനോടും വൈസ് പ്രസിഡന്‍റിനോടും രാജിവെയ്ക്കണമെന്ന് യുഡിഎഫ് നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. ചൊവ്വന്നൂരിൽ കോണ്‍ഗ്രസ് നയങ്ങള്‍ക്ക് വിരുദ്ധമായി പാര്‍ട്ടി തീരുമാനങ്ങള്‍ ലംഘിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് പ്രസിഡന്‍റായ എഎം നിധീഷിനെയാണ് പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയത്. എസ്‍ഡിപിഐ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്‍റ് ആയതിലാണ് നടപടി.

ആലപ്പുഴ ജില്ലയിൽ എട്ട് പഞ്ചായത്തുകള്‍ ബിജെപിക്ക്

ഇതിനിടെ, ലീഗ് സ്വതന്ത്രന്‍ കാലുമാറിയതോടെ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് സ്വന്തമാക്കി. സിപിഎം അംഗം ആളുമാറി വോട്ടു ചെയ്തതിന്‍റെ ആനുകൂല്യത്തില്‍ കോണ്‍ഗ്രസിലെ ഗോപാലകൃഷ്ണന്‍ ചേലക്കര പഞ്ചായത്ത് പ്രസിഡന്‍റായി. രണ്ട് ട്വന്‍റി ട്വന്‍റി അംഗങ്ങള്‍ യുഡിഎഫിന് വോട്ടു ചെയ്തതോടെയാണ് പുത്തന്‍കുരിശ് പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് അധികാരം നഷ്ടമായത്. നറുക്കെടുപ്പില്‍ പുതൃക്ക പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും കിട്ടിയതോടെ എറണാകുളം ജില്ലയിലെ നാലു പഞ്ചായത്തുകളില്‍ ട്വന്‍റി ട്വന്‍റി ഭരണം ഉറപ്പിച്ചു. സിപിഎം വിമതന്‍റെ പിന്തുണയില്‍ പറവൂരിലെ ചേന്ദമംഗലം പഞ്ചായത്ത് യുഡിഎഫ് നേടി. കോതമംഗലം പോത്താനിക്കാട് പഞ്ചായത്തിലും വടവുകോട് ബ്ലോക്ക് പഞ്ചായത്തിലും നറുക്കെടുപ്പില്‍ ഭാഗ്യം എല്‍ഡിഎഫിനെ തുണച്ചു. ഞാറയ്ക്കല്‍ പഞ്ചായത്തില്‍ ഭാഗ്യം യുഡിഎഫിനൊപ്പമായിരുന്നു. സ്വതന്ത്ര അംഗത്തെ ഒപ്പം നിര്‍ത്തി കല്ലൂര്‍ക്കാട് പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി. യുഡിഎഫ് സ്വതന്ത്രന് ബിജെപിയും വോട്ട് ചെയ്തതോടെ കോട്ടയം ജില്ലയിലെ ഇടതു കോട്ടയായ കുമരകം പഞ്ചായത്തില്‍ സിപിഎമ്മിന് ഭരണം നഷ്ടപ്പെട്ടു. ഇരുമുന്നണിയിലെയും അംഗങ്ങള്‍ കൂറുമാറി വോട്ടു ചെയ്ത മൂന്നിലവ് പഞ്ചായത്തില്‍ എല്‍ഡിഎഫ് അംഗം പ്രസിഡന്‍റായി. നറുക്കെടുപ്പ് നടന്ന മരങ്ങാട്ടുപളളിയിലും കറുകച്ചാലിലും യുഡിഎഫും ഭരണങ്ങാനത്ത് എല്‍ഡിഎഫും ഭരണം പിടിച്ചു. പൂഞ്ഞാര്‍ തെക്കേക്കര, കിടങ്ങൂര്‍, അയ്മനം പഞ്ചായത്തുകളുടെ ഭരണം ബിജെപി നേടി. ആലപ്പുഴ ജില്ലയില്‍ എട്ട് പഞ്ചായത്തുകള്‍ ബിജെപി നേടി. ഇതില്‍ അഞ്ചും ചെങ്ങന്നൂര്‍ നിയോജകമണ്ഡലം പരിധിയിലാണ്. ജില്ലയിലെ ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന എട്ട് പ‍ഞ്ചായത്തുകളില്‍ മൂന്നിടത്ത് നറുക്കെടുപ്പിലൂടെയും മൂന്നിടത്ത് സ്വതന്ത്രരുടെ പിന്തുണയോടെയും യുഡിഎഫ് ഭരണം പിടിച്ചു. പുളിങ്കുന്ന് പഞ്ചായത്തില്‍ യുഡിഎഫ് അംഗം കൂറുമാറി എല്‍ഡിഎഫ് പിന്തുണയില്‍ പ്രസിഡന്‍റായി. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഭരണവും നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് സ്വന്തമാക്കി.