തൃക്കാക്കരയിൽ ടേം വ്യവസ്ഥ പാലിച്ചില്ലെന്ന ഉമ തോമസ് എം എൽ എയുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്

കൊച്ചി: തൃക്കാക്കരയിൽ ടേം വ്യവസ്ഥ പാലിച്ചില്ലെന്ന ഉമ തോമസ് എം എൽ എയുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. കെപിസിസി മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടാണ് അധ്യക്ഷന്മാരെ തെരഞ്ഞെടുത്തത്. പാർട്ടി കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നും അഭിപ്രായങ്ങൾ പരിശോധിക്കും. പരാതിയുള്ളവരെ നേരിട്ട് കണ്ട് പരിഹരിക്കും. ഈ പരാതികൾ വിജയത്തിൻ്റെ തിളക്കം കെടുത്തില്ല എന്നും ഷിയാസ് പറഞ്ഞു.

എന്നാല്‍ തൃക്കാക്കര നഗരസഭ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ കെപിസിസി മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നാണ് ഉമാ തോമസ് എംഎല്‍എ കെപിസിസി പ്രസിഡന്‍റിന് നല്‍കിയ പരാതി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് റാഷിദ് ഉളളമ്പളളി, ഷാജി വാഴക്കാല എന്നിവരുടെ പേരുകളാണ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഭൂരിപക്ഷം കൗണ്‍സിലര്‍മാരുടെ പിന്തുണ റാഷിദിനാണെന്ന് പറഞ്ഞ് റാഷിദിനെ അഞ്ചു വര്‍ഷത്തേക്ക് ചെയര്‍മാനായി പ്രഖ്യാപിക്കുകയായിരുന്നു. ഷാജി വാഴക്കാലയെ പിന്തുണയ്ക്കുന്ന കൗണ്‍സിലര്‍മാര്‍ ഉണ്ടായിരുന്നിട്ടും ടേം വ്യവസ്ഥ പരിഗണിച്ചില്ലെന്നാണ് ഉമ തോമസിന്‍റെ പരാതി. കൊച്ചി കോര്‍പറേഷനില്‍ മേയര്‍ സ്ഥാനം രണ്ടു ടേമായി വീതം വച്ചതു പോലെ തൃക്കാക്കരയിലും നടപ്പാക്കണമെന്ന ആവശ്യം ഡിസിസി പ്രസിഡന്‍റ് തളളിക്കളഞ്ഞെന്നും രണ്ടിടത്തും രണ്ടു നീതിയാണ് നടപ്പാക്കപ്പെട്ടതെന്നുമാണ് ഉമ പരാതിയില്‍ ഉന്നയിക്കുന്നത്.