വികെ പ്രശാന്ത് എംഎൽഎയുമായുള്ള കോര്‍പ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് വിവാദം വിടാതെ ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. ചെറിയൊരിടത്ത് ഇന്ന് മുതൽ സേവനം തുടങ്ങിയെന്ന് പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് ആര്‍ ശ്രീലേഖയുടെ പരോക്ഷ വിമര്‍ശനം

തിരുവനന്തപുരം: വികെ പ്രശാന്ത് എംഎൽഎയുമായുള്ള കോര്‍പ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് വിവാദം വിടാതെ ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. ചെറിയൊരിടത്ത് ഇന്ന് മുതൽ സേവനം തുടങ്ങിയെന്ന് പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ആര്‍ ശ്രീലേഖയുടെ പരോക്ഷ വിമര്‍ശനം. ഭാരതാംബയുടെ ചിത്രം കസേരയിൽ വെച്ച് വിളക്ക് കൊളുത്തി ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറുടെ ഓഫീസിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്‍റെ ചിത്രങ്ങളും പോസ്റ്റിനൊപ്പം ആര്‍ ശ്രീലേഖ പങ്കുവെച്ചിട്ടുണ്ട്. കഷ്ടിച്ച് 70-75 സ്ക്വയര്‍ ഫീറ്റ് മാത്രമുള്ള തന്‍റെ ഇത്തിരിപ്പോന്ന കുഞ്ഞ് ഓഫീസ് മുറിയാണിതെന്നും കെട്ടിടത്തിന് ചുറ്റും ടണ്‍ കണക്കിന് മാലിന്യമാണെന്നും ശ്രീലേഖ പോസ്റ്റിൽ വിമര്‍ശിക്കുന്നുണ്ട്. രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ശ്രീലേഖയുടെ വിമര്‍ശനം. ഇന്ന് മുതൽ സേവനം തുടങ്ങിയെന്നും മുറിയെന്ന് പറയാൻ കഴിയാത്ത ചെറിയ ഒരിടമാണെന്നും ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവര്‍ത്തിക്കാമെന്നും ശ്രീലേഖ പറയുന്നു. ഇന്ന് ഉച്ചവരെ ഇവിടെ 18 പേര്‍ വന്നുവെന്നും അവരെ സഹായിച്ചതിൽ തൃപ്തിയുണ്ടെന്നും അത് മതിയെന്നും ശ്രീലേഖ പോസ്റ്റിൽ പറയുന്നു. 

ഓഫീസിന് ചുറ്റും കുട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്‍റെ വീഡിയോയും ഫേസ്ബുക്ക് പോസ്റ്റിൽ ആര്‍ ശ്രീലേഖ പങ്കുവെച്ചിട്ടുണ്ട്. ശാസ്തമംഗലത്തെ കോര്‍പ്പറേഷൻ കെട്ടിടത്തിലെ കൗണ്‍സിലര്‍ ഓഫീസും വികെ പ്രശാന്ത് എംഎൽഎയുടെ ഓഫീസും ഒരു കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൗണ്‍സിലര്‍ ഓഫീസിലെ സ്ഥലപരിമിതി ചൂണ്ടികാണിച്ച് വികെ പ്രശാന്ത് എംഎൽഎയോട് ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. കോര്‍പ്പറേഷൻ ആണ് കരാറിന്‍റെ അടിസ്ഥാനത്തിൽ കെട്ടിടം തനിക്ക് വാടകക്ക് തന്നിരിക്കുന്നതെന്നും മാര്‍ച്ച് വരെ കാലാവധിയുണ്ടെന്നും ഒഴിയില്ലെന്നുമുള്ള ഉറച്ച നിലപാടാണ് വികെ പ്രശാന്ത് എംഎൽഎ സ്വീകരിച്ചത്. ഓഫീസ് ഒഴിയണമെന്ന് അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും തങ്ങള്‍ ഇരുവരും സുഹൃത്തുക്കളാണെന്നുമായിരുന്നു ആര്‍ ശ്രീലേഖയുടെ പ്രതികരണം. എന്നാൽ, പ്രശാന്ത് ഓഫീസ് ഒഴിയുന്നതുവരെ ചെറിയ സ്ഥലത്ത് തന്നെ ഓഫീസ് തുടരുമെന്ന സൂചന നൽകികൊണ്ടാണ് ആര്‍ ശ്രീലേഖയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. കൗണ്‍സിലര്‍ ഓഫീസിലെ പരിമിതമായ സൗകര്യങ്ങളാണുള്ളതെന്ന് വ്യക്തമാക്കുന്ന വീഡിയോ അടക്കം ഫേസ്ബുക്ക് പോസ്റ്റിൽ ആര്‍ ശ്രീലേഖ പങ്കുവെച്ചിട്ടുണ്ട്. ഇവിടെ തന്നെ സേവനം തുടരുമെന്നും ഓഫീസിന്‍റെ ഒരു ഭാഗത്ത് നിറയെ മാലിന്യം കൂട്ടിയിട്ടിരിക്കുകയാണെന്നും വീഡിയോയിൽ ശ്രീലേഖ പറയുന്നുണ്ട്.