കൊച്ചി മേയർ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ എറണാകുളം കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. കെപിസിസി മാനദണ്ഡങ്ങൾ ലംഘിച്ച് ദീപ്തി മേരി വർഗീസിനെ ഒഴിവാക്കിയെന്ന് പരാതി. എ, ഐ ഗ്രൂപ്പുകൾ ചേർന്ന് മേയർ സ്ഥാനം പങ്കിടാൻ തീരുമാനിച്ചു.
കൊച്ചി: മേയര്‍ സ്ഥാനത്തെ ചൊല്ലി ഉയര്‍ന്ന അഭിപ്രായ ഭിന്നതയില്‍ പുകഞ്ഞ് കോണ്‍ഗ്രസ്. ദീപ്തി മേരി വര്‍ഗീസിന് മേയര്‍ സ്ഥാനം നിഷേധിച്ച നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് എറണാകുളം ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍. കെപിസിസി മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ നടത്തിയ പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദീപ്തി മേരി വര്‍ഗീസ് കെപിസിസി പ്രസിഡന്‍റിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കെപിസിസി വിഷയത്തില്‍ ഇടപെടില്ലെന്നാണ് സൂചന. ദീപ്തിയെ ചര്‍ച്ചകളിലൂടെ അനുനയിപ്പിക്കാമെന്നാണ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍. അതേസമയം ജില്ലാ പഞ്ചായത്ത് സ്ഥാനങ്ങളില്‍ തീരുമാനമെടുക്കാനുളള എറണാകുളത്തെ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗവും ഇന്ന് ചേരും.
കൊച്ചി മേയറെ തിരഞ്ഞെടുക്കുന്നതല്‍ കെപിസിസി നിർദേശിച്ച മന്ദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ദീപിതി മേരി വർഗീസ് തന്നെ തുറന്നടിച്ചിരുന്നു. തർക്കം ഉണ്ടെങ്കിൽ കെപിസിസി നിരീക്ഷകൻ എത്തി പ്രശ്നം പരിഹരിക്കണം എന്നാണ് മാനദണ്ഡം. കോർ കമ്മിറ്റി വിളിക്കുമെന്നാണ് പറഞ്ഞത്. എന്നാൽ വിളിച്ചില്ല. മാനദണ്ഡങ്ങൾ പാലിക്കാത്ത കാര്യം കെപിസിസി പ്രസിഡന്‍റിനോട് അറിയിച്ചിട്ടുണ്ടെന്നും രഹസ്യ ബാലറ്റിലൂടെ കൗൺസിലർമാരുടെ അഭിപ്രായം തേടണമായിരുന്നു, അവസാന നിമിഷം രഹസ്യ ബാലറ്റ് ഒഴിവാക്കിയത് എന്തിനാണ്? കൗൺസിലർമാരുടെ പിന്തുണയിൽ നിലവിൽ പുറത്തുവന്ന കണക്ക് വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം. പ്രഖ്യാപനത്തിന് മുൻപ് ആശയവിനിമയം നടത്തിയില്ല. കൂടുതൽ കൂടിയാലോചനകൾ ഉണ്ടാകണമായിരുന്നു എന്നും ദീപ്തി പറഞ്ഞു. മേയർ പദവി കണ്ടിട്ടല്ല മത്സരത്തിനിറങ്ങിയത്. ആർക്കെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ അവർ തിരുത്തട്ടെ. എന്നും ദീപ്തി വ്യക്തമാക്കി.
എ, ഐ ഗ്രൂപ്പുകൾ വെട്ടി
മേയർ സ്ഥാനത്തു നിന്ന് ദീപ്തി മേരി വർഗീസിനെ എ, ഐ ഗ്രൂപ്പുകൾ ചേർന്നാണ് വെട്ടിയത്. ഐ ഗ്രൂപ്പിലെ മിനിമോളും എ ഗ്രൂപ്പിലെ ഷൈനി മാത്യുവും രണ്ടര വർഷം വീതം മേയർ സ്ഥാനം പങ്കിടാനാണ് തീരുമാനം. കെപിസിസി മാനദണ്ഡങ്ങൾ ലംഘിച്ചാണ് നടപടികളെന്ന പരാതിയാണ് ദീപ്തി അനുകൂലികൾ ഉന്നയിക്കുന്നത്. കൗൺസിലർമാരെ വ്യക്തിപരമായി കണ്ട് അഭിപ്രായം തേടാനുള്ള ഡിസിസി തീരുമാനമാണ് ദീപ്തി മേരി വർഗീസിൻ്റെ വഴിയടച്ചത്. രഹസ്യ വോട്ടിംഗ് വേണമെന്ന് ദീപ്തി അനുകൂലികൾ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. എ ഗ്രൂപ്പ് നേതാവ് ഡൊമിനിക്ക് പ്രസൻ്റേഷനും ഐ ഗ്രൂപ്പ് നേതാവ് എൻ വേണുഗോപാലും പ്രതിപക്ഷ നേതാവിൻ്റെ വിശ്വസ്തനായ ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസും കൗൺസിലർമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ടതോടെ ദീപ്തിയോട് താൽപര്യമുണ്ടായിരുന്ന കൗൺസിലർമാർ പോലും ഗ്രൂപ്പ് താൽപര്യത്തിലൂന്നി നിലപാട് പറയാൻ നിർബന്ധിതരായി. 20 കൗൺസിലർമാർ ഷൈനി മാത്യുവിനെയും 17 പേർ വി കെ മിനിമോളെയും പിന്താങ്ങി. ദീപ്തിക്ക് കിട്ടിയത് നാല് പേരുടെ മാത്രം പിന്തുണയാണ്.


