വർക്കലക്ക് സമീപം അകത്തുമുറി സ്റ്റേഷനില്‍ വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം. കല്ലമ്പലം സ്വദേശി സുധിയാണ് ഓട്ടോ ഡ്രൈവർ. ഇയാൾ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. സുധിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം. വർക്കലക്ക് സമീപം അകത്തുമുറി സ്റ്റേഷനിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളുടെ പരിക്ക് ​ഗുരുതരമല്ല. കാസർകോട്- തിരുവനന്തപുരം വന്ദേഭാരത് ആണ് ഓട്ടോയിൽ ഇടിച്ചത്. ഒരു വളവ് തിരിയുമ്പോഴാണ് ഓട്ടോ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്. ഉടൻതന്നെ ട്രെയിനിന്റെ വേ​ഗം കുറച്ചെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഓട്ടോയുമായി ട്രെയിൻ അൽപ ദൂരം മുന്നോട്ട് നീങ്ങി. ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. കല്ലമ്പലം സ്വദേശി സുധിയാണ് ഓട്ടോ ഡ്രൈവർ. ഇയാൾ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. സുധിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒരു മണിക്കൂർ ട്രെയിൻ പിടിച്ചിട്ടിരുന്നു. ഒരു മണിക്കൂറിനു ശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്.

അകത്തുമുറി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്റെ പണി നടക്കുന്നതിനാൽ റോഡിൽ നിന്നും വാഹനം ഓടിച്ച് പ്ലാറ്റ്ഫോമിൽ കയറ്റാൻ കഴിയുന്നതാണ്. കുറച്ചു നേരമായി ഓട്ടോ പ്ലാറ്റ്ഫോമിൽ അങ്ങോട്ടുമിങ്ങോട്ടും ഡ്രൈവർ ഓടിക്കുകയായിരുന്നു. ട്രെയിൻ വരുന്നത് കണ്ടു വാഹനം റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട് പ്രതി ഇറങ്ങി ഓടുകയായിരുന്നു എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ട്രെയിൻ വരുന്നത് കണ്ട് ഭയന്ന് ഇറങ്ങി ഓടിയപ്പോൾ ഓട്ടോ നിയന്ത്രണം തെറ്റി ട്രാക്കിലേക്ക് വീണതാണോ എന്നും സംശയം ഉണ്ട്.