തൃശൂരിൽ പട്ടാപ്പകൽ വയോധികയെ ലക്ഷ്യമിട്ട് മാല പൊട്ടിക്കൽ. മായന്നൂർ മാങ്കുളത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്വർണ മാല കവർന്ന ശേഷം രക്ഷപ്പെടുകയായിരുന്നു
തൃശൂർ: തൃശൂരിൽ പട്ടാപ്പകൽ വയോധികയെ ലക്ഷ്യമിട്ട് മാല പൊട്ടിക്കൽ. മായന്നൂർ മാങ്കുളത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്വർണ മാല കവർന്ന ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. മായന്നൂർ മാങ്കുളം പുത്തൻവീട്ടിൽ 78 വയസ്സുള്ള വിദ്യാവതി എന്ന വയോധികയാണ് മോഷണത്തിനിരയായത്. ക്ഷീരകർഷകയായ വിദ്യാവതി, ചിറങ്കരയിലെ ക്ഷീര സംഘത്തിൽ കൊടുക്കാനായി പാലുമായി നടന്നു പോകുന്നതിനിടെയാണ് ആക്രമണം നടന്നത്.
പിന്നിൽ നിന്നെത്തിയ ബൈക്കിൽ സഞ്ചരിച്ച രണ്ടംഗ സംഘം കഴുത്തിലുണ്ടായിരുന്ന സ്വർണ മാല പൊട്ടിച്ചെടുത്ത ശേഷം അതിവേഗം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ ബൈക്കിലെത്തുന്ന പ്രതികളും മാല പൊട്ടിക്കുന്ന ദൃശ്യങ്ങളും വ്യക്തമാണ്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പഴയന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രതികളെ തിരിച്ചറിയുന്നതിനായി സമീപ പ്രദേശങ്ങളിലെ മറ്റ് സിസിടിവി ക്യാമറകളും പൊലീസ് പരിശോധിച്ചു വരികയാണ്.


