പത്തനംതിട്ട കോയിപ്രം ആന്താലിമണിൽ യുവാക്കളെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പിടിയിലായ ദമ്പതികളുടെ ജീവിതശൈലിയിലും അടിമുടി ദുരൂഹത. ഇവരുടെ വീട്ടിൽ നിന്ന് വേലും മറ്റു പൂജാ വസ്തുക്കളും മര്‍ദനത്തിനുപയോഗിച്ച പ്ലെയറും കണ്ടെത്തി
പത്തനംതിട്ട: പത്തനംതിട്ട കോയിപ്രം ആന്താലിമണിൽ യുവാക്കളെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അടിമുടി ദുരൂഹത. അയൽക്കാരുമായി ബന്ധമില്ലാതെയാണ് ജയേഷും ഭാര്യ രശ്മിയും താമസിച്ചിരുന്നത്. പലദിവസങ്ങളിലും ആഭിചാരക്രിയകൾ നടന്നിരുന്നതായി അയൽവാസികൾ പറയുന്നു. സൈക്കോ മനോനിലയുള്ള ദമ്പതികളാണ് ഇവരെന്നും ഇവരുടെ ജീവിതശൈലിയിലടക്കം അടിമുടി ദുരൂഹതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. അതിക്രൂരമായ മർദ്ദനങ്ങൾ ഒന്നും തൊട്ട് അയൽപക്കത്തെ വീട്ടുകാർ പോലും അറിഞ്ഞില്ല. ആരുമായി സഹകരിക്കാതെ ഒറ്റപ്പെട്ടാണ് ജയേഷും ഭാര്യയും താമസിക്കുന്നത്. ഇവരുടെ വീട്ടിൽ നിന്ന് വേൽ കണ്ടെത്തി. ഇതോടൊപ്പം യുവാക്കളെ മര്‍ദിക്കാൻ ഉപയോഗിച്ച പ്ലെയര്‍ അടക്കമുള്ള വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഇരുവരും ആരുമായും ബന്ധമില്ലെന്നും പലപ്പോഴും നിലവിളി ശബ്ദം കേട്ടിരുന്നതായും രണ്ടുപേരെയും കയ്യിൽ കിട്ടിയാൽ രണ്ടെണ്ണം കൊടുത്തേനെയെന്നും അയൽവാസികള്‍ പറഞ്ഞു.
വീട്ടിൽ പലപ്പോഴും പൂജകള്‍ നടത്താൻ ഉപയോഗിച്ച കുടം അടക്കമുള്ള വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. അയൽവാസികളുമായിട്ടുപോലും യാതൊരു ബന്ധവുമില്ലാതെയാണ് ഇവര്‍ ജീവിക്കുന്നതെന്നും ബൈക്കിൽ പോവുകയും വരുന്നതും കൂട്ടുകാരുമായി വരുന്നതുമാണ് കാണാറുള്ളതെന്നുമാണ് അയൽക്കാര്‍ പറയുന്നത്. റാന്നി സ്വദേശിയായ യുവാവിനും ആലപ്പുഴ സ്വദേശിയായ യുവാവിനും മര്‍ദനമേറ്റ അന്ന് ഓണപ്പരിപാടിയൊക്കെ നടക്കുന്നതിനായ സ്പീക്കറിന്‍റെ ശബ്ദവും മറ്റും ഉണ്ടായിരുന്നു. അതിനാൽ തന്നെ ഇവിടെ നടക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ആഭിചാരക്രിയ ഉൾപ്പെടെ നടത്തി യുവാക്കളെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സൈക്കോ ദമ്പതികളെന്ന് പൊലീസ് വിശേഷിപ്പിച്ച ആന്താലിമണ്ണ് സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് പിടിയിലായത്. ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ പിന്നുകൾ ഉൾപ്പെടെ അടിച്ചു അതിക്രൂരമായാണ് ജയേഷും ഭാര്യ രശ്മിയൂം യുവാക്കളെ കൊല്ലാക്കൊല ചെയ്തത്. ഹണി ട്രാപ്പ് മോഡലിൽ ആണ് ഇരകളെ ഇവർ വലയിലാക്കിയത്.
പരിചയം മുതലെടുത്ത് ഹണി ട്രാപ്പ് മോഡൽ കെണിയൊരുക്കി
ജയേഷ് ഇടയ്ക്ക് ബെംഗളൂരുവിലും മൈസൂരുവിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. മര്‍ദനത്തിനിരയായ റാന്നി സ്വദേശിയായ യുവാവും ജയേഷും ഒപ്പം ജോലി ചെയ്തിട്ടുണ്ട്. റാന്നി സ്വദേശിയുടെ ബന്ധുവാണ് മര്‍ദത്തിനിരയായ ആലപ്പുഴ സ്വദേശി. രണ്ടുപേര്‍ക്കും രശ്മിയുമായി ഫോണ്‍ വഴി പരിചയമുണ്ട്. ഹണി ട്രാപ്പ് മോഡലിൽ യുവാക്കളെ കുരുക്കാൻ വേണ്ടി രശ്മിയുമായി ഫോണ്‍ വഴി ബന്ധമുണ്ടാക്കി കെണിയൊരുക്കിയതായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. നേരിട്ടത് കൊടിയ മർദ്ദനമാണെന്നാണ് റാന്നി സ്വദേശിയായ യുവാവ് വെളിപ്പെടുത്തിയത്. സെപ്റ്റംബർ ഒന്നാം തീയതിയും തിരുവോണ ദിവസവും ആണ് ആലപ്പുഴ സ്വദേശിയെയും റാന്നി സ്വദേശിയെയും കോയിപ്പുറം സ്വദേശികളായ ദമ്പതികൾ കൊടും ക്രൂരതക്ക് ഇരയാക്കിയത്. ജയേഷിന് ഒപ്പം ജോലി ചെയ്തിരുന്ന റാന്നി സ്വദേശിയെ ഓണക്കാലത്ത് സ്നേഹപൂർവ്വം വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് എത്തിയപ്പോൾ തന്നെ സംശയങ്ങൾ തോന്നിയിരുന്നുവെന്ന് റാന്നി സ്വദേശിയായ യുവാവ് പറഞ്ഞു. വീടിനുമുന്നിൽ ഒരു വേൽ സ്ഥാപിച്ചിട്ടുണ്ട്. അതിനുമുൻപിൽ പ്രാർത്ഥിച്ചു. പിന്നീട് കഴുത്തിൽ കത്തി വെച്ച ശേഷം വിവസ്ത്രരനാക്കി ഭാര്യക്കൊപ്പം കട്ടിൽ കിടക്കാൻ ജയേഷ് ഭീഷണിപ്പെടുത്തി. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിക്കാൻ പറഞ്ഞു. അതിനുശേഷം ഉത്തരത്തിൽ കെട്ടിത്തൂക്കി മര്‍ദിച്ചുവെന്നും മനോനില തെറ്റിയവരെപോലെയാണ് പെരുമാറിയിരുന്നതെന്നും റാന്നി സ്വദേശി പറഞ്ഞു. ആഭിചാരക്രിയകളൊക്കെ നടത്തിയായിരുന്നു മര്‍ദനമെന്നും റാന്നി സ്വദേശി പറഞ്ഞു.
ക്രൂരമര്‍ദനത്തിനിരയാക്കിയശേഷം വഴിയിൽ ഉപേക്ഷിച്ചു
ജനനേന്ദ്രിയത്തിൽ മുളകു സ്പ്രേ അടിച്ച ശേഷം 23 സ്റ്റേപ്ലർ പിൻ അടിച്ചു കയറ്റി. രശ്മിയാണ് ഈ ക്രൂരത ചെയ്തതെന്നാണ് യുവാവിന്‍റെ വെളിപ്പെടുത്തൽ. സെപ്റ്റംബർ ഒന്നിന് മർദ്ദനമേറ്റ ആലപ്പുഴ സ്വദേശിക്ക് ഒരു കണ്ണിന്‍റെ കാഴ്ച പകുതി നഷ്ടമായി. നട്ടെല്ലടക്കം പൊട്ടലുണ്ട്. മർദ്ദിച്ചശേഷം യുവാക്കളെ വഴിയരികൾ തള്ളി. നഗ്ന ദൃശ്യങ്ങൾ പുറത്തുവരുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ യുവാക്കൾ ആരോടും പരാതിപ്പെട്ടില്ല. റാന്നി സ്വദേശിയെ വഴിയരികിൽ നിന്ന് പുതമൺ ഭാഗത്തുള്ള ഓട്ടോറിക്ഷ തൊഴിലാളികളാണ് ആശുപത്രിയിൽ എത്തിച്ചത്. ജയേഷിനെയും ഭാര്യയും ഭയന്ന് ആദ്യം കളവായ മൊഴിയാണ് പൊലീസിന് റാന്നി സ്വദേശി നൽകിയത്. വിശദമായ അന്വേഷണത്തിലാണ് കോയിപ്രം ആന്താലിമൺ സ്വദേശികളായ ജയേഷും ഭാര്യ രശ്മിയുമാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയത്. യുവാക്കളെ നഗ്നരാക്കി മര്‍ദിക്കുന്നതെ പതിവാണെന്നാണ് പൊലീസ് പറയുന്നത്. ഇരുവരുടെ അറസ്റ്റ് ആറന്മുള പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പൊലീസ്.



