ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ക്രിസ്തുമസ് അവധി കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. കേസ് ഏറ്റെടുക്കാൻ ഒരുക്കമെന്നാണ് സിബിഐ നിലപാട്.
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ നൽകിയ ഹർജി ഹൈക്കോടതി ക്രിസ്തുമസ് അവധി കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. കേസ് ഏറ്റെടുക്കാൻ ഒരുക്കമെന്നാണ് സിബിഐ നിലപാട്. ഹർജി പരിഗിക്കുമ്പോൾ ഇക്കാര്യം കോടതിയെ അറിയിക്കും. ഇതിനിടെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും പോറ്റിയുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും ചൂണ്ടി കേസിൽ കക്ഷി ചേരാനുള്ള അപേക്ഷയും ഹൈക്കോടതിയ്ക്ക് മുന്നിലെത്തി.
എം ആർ അജയനാണ് ഹർജിക്കാരൻ. എഡിജിപിമാരായ പി വിജയൻ, എസ് ശ്രീജിത്ത്, ഐജി ഹരിശങ്കർ എന്നിവർക്കെതിരെയാണ് ആരോപണം. ഹർജി പരിഗണിച്ചപ്പോൾ കക്ഷിയോ അഭിഭാഷകനോ ഹാജരായില്ല. മാത്രമല്ല അവധിക്കാല ബഞ്ച് പരിഗണിച്ച മറ്റ് രണ്ട് കേസുകളിലും ഇതേ ഹർജിക്കാരൻ സമാനമായി കക്ഷിചേരാനും അപേക്ഷ നൽകി. അഭിഭാഷകൻ ഹാജരാകാതെ കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് ഹർജിക്കാരനായ എം ആർ അജയന് കോടതി 10000 രൂപ പിഴ ചുമത്തി. ജസ്റ്റിസ് മുഹമ്മദ് മുഷ്ത്താക്ക് ജസ്റ്റിസ് പി എം മനോജ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.


