ഇത്തരം സാഹചര്യത്തിൽ ഡോക്ടർമാർക്ക് ഒന്നും ചെയ്യാനാകില്ല. അത് തന്നെയാണ് പട്ടാമ്പി താലൂക്ക് ആശുപത്രിയിലും സംഭവിച്ചിരിക്കുന്നത് എന്നാണ് ഡോക്ടർ ഹിതേഷ് ശങ്കർ വ്യക്തമാക്കിയിരിക്കുന്നത്.

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ​ഗർഭിണിയായ നൌഷിജ മരിച്ചത് ചികിത്സപിഴവല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അമ്നിയോട്ടിക് ഫ്ലൂയി‍ഡ് ശ്വാസകോശത്തിൽ കയറിയതിനെ തുടർന്നാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഇന്നലെ രാവിലെ പത്തരയ്ക്കാണ് ​ഗർഭിണിയായ യുവതിക്ക് ശ്വാസ തടസവും അമിത രക്തസ്രാവവും ഉണ്ടായത്. തുടർന്നാണ് ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെയെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ചികിത്സാപിഴവുണ്ടായി എന്ന് കരുതാനാകില്ലെന്നാണ് ഫോറൻസിക് സർജൻ ഡോക്ടർ ഹിതേഷ് ശങ്കർ പറയുന്നത്. അമ്നിയോട്ടിക് ഫ്ലൂയിഡ് ശ്വാസകോശത്തിൽ കയറിയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ ഡോക്ടർമാർക്ക് ഒന്നും ചെയ്യാനാകില്ല. അത് തന്നെയാണ് പട്ടാമ്പി താലൂക്ക് ആശുപത്രിയിലും സംഭവിച്ചിരിക്കുന്നത് എന്നാണ് ഡോക്ടർ ഹിതേഷ് ശങ്കർ വ്യക്തമാക്കിയിരിക്കുന്നത്.

ഈ മാസം 16നാണ് 9 മാസം ഗർഭിണിയായ തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജയെ പ്രസവത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാവിലെ യുവതിക്ക് ശ്വാസ തടസ്സവും ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായി. കുഴഞ്ഞു വീണ യുവതിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിച്ചു. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ തൃത്താല പോലീസ് കേസെടുത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും എന്നാണ് പോലീസ് അറിയിച്ചിരുന്നത്. യുവതിയ്ക്ക് ഹൃദയാഘാതമുണ്ടായെന്നും ഇതായിരിക്കാം മരണ കാരണമെന്നും ആയിരുന്നു പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ വിശദീകരണം.