പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ. അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണ 

കൊച്ചി: പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ. അസോസിയേറ്റ് അം​ഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തിൽ ധാരണയായി. കേരള കോണ്‍ഗ്രസ് എം നിലപാട് പറയട്ടെയെന്നും യോഗം വ്യക്തമാക്കി. അങ്ങോട്ട് പോയി ചര്‍ച്ചയില്ലെന്നാണ് തീരുമാനം. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. സീറ്റ് വിഭജനം നേരത്തെ തീർക്കും. ജനുവരിയിൽ സീറ്റ് വിഭജനം തീർക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്. 

പി വി അൻവറും സി കെ ജാനുവും യുഡിഎഫിന്‍റെ ഭാഗമാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാര്‍ത്താസമ്മേളനത്തിൽ ഔദ്യോഗികമായി അറിയിച്ചു. വിഷ്ണുപുരം ചന്ദ്രശേഖരന്‍റെ വിഎസ്ഡിപിയും യുഡിഎഫിന്‍റെ ഭാഗമാകും. യുഡിഎഫ് അസോസിയേറ്റ് അംഗങ്ങളാക്കാനാണ് യോഗത്തിൽ ധാരണയായിരിക്കുന്നത്. സികെ ജാനുവും വിഷ്ണുപുരം ചന്ദ്രശേഖരനും എൻഡിഎ ഘടക കക്ഷികളായിരുന്നു. തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ, നിയമസഭ സീറ്റ് വിഭജനം യുഡിഎഫ് ജനുവരിയിൽ പൂര്‍ത്തിയാക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. മൂന്ന് പാര്‍ട്ടികളും യുഡിഎഫിനെ സമീപിച്ചവരാണെന്നും മൂവരും ഒരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.. മറ്റൊരു പാര്‍ട്ടികളുമായി യുഡിഎഫ് ചര്‍ച്ചകള്‍ നടത്തുന്നില്ല. തദ്ദേശത്തിൽ സിപിഎമ്മും ബിജെപിയുമായി ഒരു ധാരണയുമുണ്ടാക്കില്ല. യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.